സംഹാരരുദ്ര

സംഹാരരുദ്ര
Story Name : SamharaRudhra Author : രോഹിത

ഓരോ തവണ ഗംഗയെന്ന ഈ മഹാനദിയിൽ, ഈ പാപനാശിനിയിൽ മുങ്ങി നിവരുമ്പോഴും അറിയപ്പെടാത്ത വശ്യമായ ഒരനുഭൂതി എന്നിൽ നിറഞ്ഞു കവിയും.. അതൊരിക്കലും പാപം കഴുകി കളഞ്ഞതിനാലല്ല, ഈ പുണ്യ നദിയിൽ മറ്റൊരു പുണ്യകർമം അനുഷ്ടിച്ചെത്തിയതിന്റെ പരിണിതഫലമായുണ്ടായ ഗൂഢ മന്ദസ്മിതം… അതെ !!!മറ്റൊരു നീചജന്മത്തെ കൂടി ഈ ഭൂമിയിൽ നിന്നും അവസാനിപ്പിച്ചതിന്റെ അവസാന തെളിവും കൂടി ഈ ഗംഗയിൽ ഒഴുക്കി കളഞ്ഞു.. പാപത്തിന്റെ ചോരക്കറ ഈ പുണ്യനദിയിലൂടെ ഒഴുക്കി കളഞ്ഞു കൊണ്ട് ഞാൻ വീണ്ടും പുണ്യം ചെയ്തവളായി….

ഗംഗ!!!! മനുഷ്യന്റെ സകല പാപങ്ങളും സ്വയം ഏറ്റെടുത്തു കൊണ്ട് അവനു പുനർജ്ജന്മം നല്കുന്നവൾ… അവളോടെന്നും എനിക്ക് പ്രിയമായിരുന്നു… തന്റെ മടിത്തട്ടിലേക്ക് ഓരോ മനുഷ്യനേയും
അവന്റെ പാപങ്ങളെയും ആവാഹിക്കുന്നവൾ…. അവളുടെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങുമ്പോൾ ഞാനെന്നെ തന്നെ മറന്നു പോകും….. അവളോട് ചേർന്നിരിക്കുന്ന കാശി വിശ്വനാഥൻ… ഞാനിവിടെ ഓരോ തവണയും വരുന്നത് മോക്ഷ പ്രാപ്തിക്കായിരുന്നില്ല… ഭൂമിയിലെ അസുരന്മാർ വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുമ്പോൾ അത് തിരുത്തിയെടുക്കുന്ന പ്രതികാരരുദ്രയായി , അസുരനിഗ്രഹം നടത്തി കൊണ്ട് വിശ്വനാഥന്റെ അരികിലേക്ക് ആ അസുരഗണങ്ങളുടെ ചുടുരക്തം പേറിയ ഉടവാളുമായി വരുന്ന സംഹാര രുദ്ര!!!…… അതെ!!!! സംഹാരരുദ്രയാണ് ഞാൻ….

മണികർണ ഘട്ടിലെ അവസാന ശവസംസ്കാരവും കഴിഞ്ഞെന്നു തോന്നുന്നു… ആരതി തുടങ്ങി കഴിഞ്ഞു….. ദീപങ്ങൾ തെളിഞ്ഞു കത്തുന്നു….. എന്റെ തെളിഞ്ഞ മനസ്സ് പോലെ…

“ദുർഗ….. നീ ഇവിടെ ഇടക്കിടക്ക് വരാറുണ്ടോ??”…….

ആരതിയിൽ കണ്ണ് നട്ടു നിന്നിരുന്ന എന്റെ പിറകിൽ നിന്നും അപ്രതീക്ഷിതമായി ഒരു ചോദ്യം കേട്ടു… ആരതിയുടെ ദീപപ്രഭയിൽ ആ മുഖം വ്യക്തമായി കണ്ടു.. ഡോക്ടർ ആദിത്യനാഥ്‌… എന്റെ സഹപ്രവർത്തകൻ… എന്റെ കൂടെ ജോലി ചെയ്യുന്ന ഒരേയൊരു മലയാളി… ഇവിടെ എത്തിയിട്ട് വെറും മാസങ്ങൾ മാത്രം…

“വല്ലപ്പോഴും….. “

“തെറ്റ് ചെയ്തതിനുള്ള പ്രായശ്ചിത്തം ചെയ്യാൻ വന്നതായിരിക്കും അല്ലെ??…. ആർ യു റിയലി എ ഡോക്ടർ? ഡൂ യു നോ എ ഡോക്ടർസ് എത്തിക്സ്”???…..

ആദിയുടെ മുഖത്ത് നോക്കാതെ ആരതിയിൽ കണ്ണുനട്ടു കൊണ്ട് തന്നെ ഞാൻ പറഞ്ഞു….

“ആദിക്ക് ഈ ദീപങ്ങൾ ഇഷ്ടമായോ?? നാം എന്തിനാണ് ദീപങ്ങൾ തെളിക്കുന്നത്… ഈ ലോകത്തെ ഇരുട്ടിൽ നിന്നും കര കയറ്റാൻ… തിന്മയിൽ നിന്നും മുക്തമാക്കാൻ…. ഞാനും അതെ ചെയ്യുന്നുള്ളൂ??”…..

” ഒരു പാവം മനുഷ്യന്റെ കണ്ണും നാക്കും കയ്യും കാലും മുറിച്ചെടുത്ത് ആ മനുഷ്യനെ ജീവച്ചവമാക്കി മാറ്റിയതാണോ നീ പറഞ്ഞ നന്മ?? നിന്റെ ഭാഗത്തു നിന്ന് ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല ദുർഗ…. സംസാരിക്കുന്നതിൽ പോലും എത്ര മിതത്വം പാലിക്കുന്നവളാണ് നീ??… ആ നീ ഒരു മനുഷ്യജന്മത്തെ ഇല്ലാതാക്കി എന്നാലോചിക്കാൻ തന്നെ എനിക്ക് സാധിക്കുന്നില്ല… ഇതിലും ഭേദം യു ജസ്റ്റ് കിൽ ഹിം!!! എന്തിനയാളെ ജീവിക്കാൻ വിടുന്നു….. ആർ യു മാഡ്??…….
ഹൌ കുഡ് യു ഡൂ ദാറ്റ്??”….

ആരതിയുടെ മന്ത്രങ്ങളുടെ ഉച്ചസ്ഥായിയിലും അവളുടെ അട്ടഹാസം ആദിക്കു കേൾക്കാമായിരുന്നു… ദീപപ്രഭയിൽ അവളുടെ മുഖം രക്തവർണ്ണമായി തോന്നി അവന്… അവളുടെ അഴിഞ്ഞുലഞ്ഞ കാർക്കൂന്തൽ ഗംഗയിലെ മന്ദ മാരുതനാൽ തഴുകപ്പെട്ടു കൊണ്ടേയിരുന്നു…. തന്റെ മുന്നിൽ നിൽക്കുന്നത് ഡോക്ടർ ദുർഗ്ഗ തന്നെയല്ലേ എന്നവൻ സംശയിച്ചു.. കാരണം അവളുടെ കണ്ണുകളിൽ അപ്പോൾ കോപാഗ്നി കത്തി ജ്വലിക്കുകയായിരുന്നു….

” അതെ,എനിക്ക് ഭ്രാന്താണ് ആദി……. “

“നീ എന്ത് പറഞ്ഞു പാവം മനുഷ്യൻ അല്ലെ??” അവൾ വീണ്ടും പൊട്ടി പൊട്ടി ചിരിച്ചു….

” അവിടെ കിടക്കുന്നവൻ മനുഷ്യനല്ല അസുരനാണ്…. മനുഷ്യജന്മം പൂണ്ട അസുരൻ… സ്വന്തം മകളെ ഭോഗിക്കുന്നവനെ നീ മനുഷ്യൻ എന്ന് വിളിക്കുമോ?? ഇല്ല, അവൻ അസുരനാണ്… അവന്റെ കാമം തീർത്ത് ആ കുഞ്ഞിനെ മറ്റാർക്കൊക്കെയോ കാഴ്ച വെക്കുക കൂടി ചെയ്താൽ??….. അവനെ നീ മനുഷ്യൻ എന്നാണോ വിളിക്കുക……

“നീ കണ്ടിട്ടുണ്ടോ പതിമൂന്ന് വയസ്സുള്ള ആ കുഞ്ഞിനെ?? അതിന്റെ പേടിച്ചരണ്ട മുഖം നിനക്ക് സങ്കല്പിക്കാമോ?? ചെറുപ്രായത്തിലേ കരിഞ്ഞു പോയ ഒരു കുഞ്ഞു പൂവാണവൾ….. അവളുടെ തകർന്നടിഞ്ഞ സ്വപ്നങ്ങൾ, അവളുടെ അമ്മയുടെ കണ്ണുനീര്, ഈ ലോകത്തോടുള്ള അവളുടെ ഭീതി,അതിനൊക്കെയുള്ള എന്റെ മറുപടിയാണ് ഇന്നാ നൂറ്റിയൊന്നാം നമ്പർ മുറിയിൽ കിടക്കുന്ന ആ നീചജന്മം….”

” മനുഷ്യന് പുനർജ്ജന്മം നല്കുന്നവരാണ് ഓരോ ഡോക്ടറും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ… എന്തിന്റെ പേരിലാണെങ്കിലും നീ ചെയ്തത് തെറ്റാണ്.. ഇവിടെ നിയമങ്ങളുണ്ട്.. നീ അറിവുള്ളവളല്ലെ?? എന്ത് കൊണ്ട് പോലീസിനെ സമീപിച്ചു കൂടായിരുന്നു?? ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ടാണോ തിരുത്തേണ്ടത്?? നിന്റെ ദൈവികമായ ഡോക്ടർ എന്ന പദവിയെ കൂടി നീ കളങ്കപ്പെടുത്തിയിരിക്കുന്നു ദുർഗ… ഞാനിതിനു കൂട്ട് നിക്കില്ല.. ഞാൻ ഇത് പോലീസിൽ അറിയിക്കും……”

“എനിക്ക് ആദ്യം തൊട്ടേ സംശയം തോന്നിയിരുന്നു.. ആ നൂറ്റിയൊന്നാം നമ്പർ മുറിയിൽ മാത്രം ആർക്കുമറിയാത്ത, മേൽവിലാസം
ഇല്ലാത്ത, ഒരേ മുറിപ്പാടുകളോട് കൂടി വരുന്നവർ… കുറച്ചു ദിവസത്തിനു ശേഷം അപ്രത്യക്ഷരാകുന്നവർ…. ഇന്നലെ അതറിയാൻ വേണ്ടി തന്നെയാണ് ആ മുറിയിൽ ക്യാമറ ഓണാക്കി വെച്ച് ഞാൻ പോയത്…ആ കാഴ്ച കണ്ട്‌ ഞാൻ നടുങ്ങി പോയി ദുർഗ…. നീയൊരു മനുഷ്യനെ…… അതിനു കൂട്ട് നില്ക്കാൻ ആ ആശുപത്രി മുഴവനും…. നീയൊരു പെണ്ണല്ലേ ദുർഗാ??… “

” അതെ…. പെണ്ണാണ്…. വെറും പെണ്ണല്ല…സംഹാരരുദ്ര……..”

“പിന്നെ നീ പറഞ്ഞ നിയമങ്ങൾ…… മനുഷ്യർ മനുഷ്യർക്ക് വേണ്ടി സൃഷ്ട്ടിച്ച നിയമങ്ങൾ… സ്വന്തം അമ്മയെ കൊന്നാലും,അച്ഛനെ കൊന്നാലും മകളെയോ മകനെയോ കൊന്നാലും വാദിക്കാൻ രണ്ടു വിഭാഗക്കാർ…ശരി തെറ്റുകൾ നിരത്തി വാദിച്ചു ജയിക്കുന്നത് പലപ്പോഴും തിന്മ മാത്രം… ഇനി അഥവാ ശിക്ഷ കിട്ടിയാലോ ഉണ്ടും ഉടുത്തും ജയിലിൽ കഴിച്ചുകൂട്ടുന്നവർ… പുറത്തിറങ്ങുന്നത് വീണ്ടും വീണ്ടും തെറ്റ് ചെയ്യാനായി മാത്രം… ഈ നിയമങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല…. ഇത് വാരണാസിയാണ്…വിശ്വനാഥന്റെ നീതിയും നിയമവുമാണിവിടെ…. “

കണ്ണിനു കണ്ണ്!!
പല്ലിന് പല്ല്!!!
തലക്ക് തല!!!!”…..

അവൾ വെട്ടിത്തിരിഞ്ഞു കൊണ്ടത് പറഞ്ഞപ്പോൾ ആരതിയിലെ അഗ്നികണങ്ങൾ ആകാശത്തിലേക്കുയർന്നു പൊങ്ങി… തന്റെ മുന്നിൽ നിൽക്കുന്നത് ദുർഗയല്ല സംഹാരരുദ്രയാണെന്നു അവൻ തിരിച്ചറിയുകയായിരുന്നു…..

” ദുർഗ!!! ആരെങ്കിലും അറിഞ്ഞാൽ??”….

“പേ പിടിച്ച നായ്ക്കളെ നമ്മൾ കൊല്ലാറില്ലേ?? അതിനു ശിക്ഷയുണ്ടോ?? പേ പിടിച്ച പതിനാറു നായ്ക്കളെ ഞാനിതു വരെ കൊന്നു… ഇവൻ പതിനേഴാമനാണ്…”

” വധശിക്ഷ ഈ നീചന്മാർക്കുള്ള ഏറ്റവും ചെറിയ ശിക്ഷയാവും… പെണ്ണിന്റെ ഒരു മോഹിപ്പിക്കുന്ന നോട്ടത്തിൽ അടിയറ വെക്കുന്ന പുരുഷത്വവും പേറി നടക്കുന്ന നപുംസകങ്ങൾ… അവരെ കൊല്ലാതെ കൊല്ലണം… പുഴുവിനെ പോലെ ,ഒന്നിനും കഴിയാതെ ഇഴഞ്ഞിഴഞ്ഞു നടക്കണം…..അതാണവർക്കുള്ള ശിക്ഷ…..മനുഷ്യകുലത്തെ മുടിക്കാനിറങ്ങിയ ആസുര ജന്മങ്ങൾ…. അസുരന്മാർ ഉണ്ടായാൽ കുലം മുടിയുമെന്നു കേട്ടിട്ടില്ലേ?? ഞാൻ നമ്മുടെ കുലത്തെ രക്ഷിക്കുകയാണ്… “

“കാമഭ്രാന്ത് മൂത്ത് ,എന്റെ ഭർത്താവ് എന്റെ കുഞ്ഞനിയത്തിയെ പിച്ചിച്ചീന്തിയ അന്ന് ഡോക്ടർ ദുർഗ മരിച്ചു….. അർദ്ധ രാത്രിയിൽ അയാളുടെ കണ്ണുകൾ കുത്തി ചൂഴ്‌ന്നെടുത്ത്, നാവു മുറിച്ചെടുത്ത് അരക്ക് കീഴ്പ്പോട്ട് ചലനമറ്റതാക്കി, അയാളെ ഒന്നിനും കൊള്ളാത്തവനാക്കി ഈ വാരണാസിയിലേ ഏതോ ഒരു ഗലിയിൽ കൊണ്ടെറിഞ്ഞു ജീവിക്കാൻ വിടുമ്പോൾ എന്റെ അനിയത്തി കുട്ടിയെ പോലുള്ള പത്തു പെൺകുട്ടികളുടെ ജീവനെങ്കിലും ഞാൻ രക്ഷപെടുത്തിയില്ലേ??…. അവിടുന്നിങ്ങോട്ട് ആ നൂറ്റിയൊന്നാം നമ്പർ മുറിയിൽ പതിനഞ്ചു പേർ… എല്ലാരും ചെയ്തത് ഒരേ പാപം… അനിയത്തിയായോ മകളായോ, ചേച്ചിയായോ,അമ്മയായോ കാണേണ്ടവളെ കാമ കണ്ണു കൊണ്ട് നോക്കി പിച്ചി ചീന്തിയെറിഞ്ഞു… എല്ലാറ്റിനെയും ഞാൻ ഈ ഗംഗയുടെ നാനാഗലികളിൽ ഇഴഞ്ഞു നടക്കുന്ന പുഴുക്കളാക്കി… ദൈവത്തിന്റെ നീതി നടപ്പാക്കുന്നു… ഓരോ നീചനും ശിക്ഷ കിട്ടുമ്പോൾ, കുറച്ചു പെൺകുട്ടികളെങ്കിലും രക്ഷപ്പെടുന്നു… ഇതാണ് നീതി… പ്രകൃതിയുടെ നീതി… നിയതി……”

“നിനക്കെന്ത് വേണമെങ്കിലും തീരുമാനിക്കാം… പോലീസിൽ അറിയിക്കാം… കുറച്ചു പേപിടിച്ച ചെന്നായ്ക്കളെ ശിക്ഷിച്ചതിന്, ഞാൻ ജയിലിൽ പോയി കിടക്കുമെന്നു നീ വിചാരിക്കരുത്…. എനിക്കതിനു മനസ്സില്ല.. നീ പറഞ്ഞ നിയമത്തിന്റെ പിൻബലത്തിൽ ഞാൻ തീർച്ചയായും രക്ഷപ്പെടും.. കാരണം നമ്മുടെ നിയമങ്ങൾക്കാവശ്യം തെളിവുകൾ മാത്രമാണ്.. അതൊരിക്കലും നിനക്ക് ലഭിക്കില്ല.. കണ്ണും നാവുമില്ലാത്ത ഒരുത്തനും എന്നെ ചൂണ്ടി കാണിച്ചു തരില്ല… “…. അവളുടെ അട്ടഹാസം വാരണാസിയുടെ ഓരോ ഗലികളിലും അലയടിക്കുന്നുണ്ടെന്നു എനിക്ക് തോന്നി….

” അവർക്കൊന്നും വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല എന്റെ ഈ ജന്മം… എനിക്കൊരുപാട് കടമകളും കർത്തവ്യങ്ങളുമുണ്ട് …ആ നീചന്മാർ ചവിട്ടി മെതിച്ച കുറെ ജന്മങ്ങളുണ്ട്.. സ്വയം ഉരുകിയൊലിക്കുന്ന കുറെ ജന്മങ്ങൾ… എനിക്കവരെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റണം.. പൊക്കിളിനും തുടക്കുമിടയിൽ നഷ്ടപ്പെടുന്ന ഒന്നല്ല സ്ത്രീത്വം എന്നവരെ പറഞ്ഞു പഠിപ്പിക്കണം.. അവരെ ഉയർത്തെഴുന്നേൽപ്പിക്കണം….. സ്ത്രീ എന്താണെന്നു പറഞ്ഞു മനസ്സിലാക്കിക്കണം… ലോകത്തുള്ള നല്ല പുരുഷന്മാരെ അവർക്ക് കാണിച്ചു കൊടുക്കണം…. അവരുടെ ഭീതി അകറ്റണം… അതിനാണെന്റെ ജന്മം… അതിനു വേണ്ടി ദുർഗ ഇനിയും രുദ്രയാവും… സംഹാരരുദ്ര…… രുദ്ര…. രുദ്ര… ഗംഗയിലെ ഓരോ കുഞ്ഞോളങ്ങളിൽ വരെ അവളുടെ പേര് പ്രതിധ്വനിക്കുന്നതായി തോന്നി എനിക്ക്… അതെ അവളാണ് ശരി…. ചിലപ്പോഴെങ്കിലും ചില തെറ്റുകളെ തെറ്റുകൾ കൊണ്ട് മാത്രമേ തിരുത്താനാവൂ….

“ദുർഗ , നീ ശരിയാണോ എന്നെനിക്കറിയില്ല… പക്ഷെ… നീ ഇവർക്കൊക്കെ ഒരു ആവശ്യമാണ്…. അവരുടെ പ്രതീക്ഷയാണ് നീ….ഇത് ഞാൻ കണ്ട കാഴ്ചയാണ്… ഒരു തെളിവായി ഇതൊരിക്കലും നിന്നെ തേടിയെത്തില്ല… “

ഗംഗയുടെ ആഴങ്ങളിലേക്ക് ആ മെമ്മറിക്കാർഡ് വലിച്ചെറിയുമ്പോൾ ഒരു ചെറു മന്ദസ്മിതവുമായി ദുർഗ അരികിലുണ്ടായിരുന്നു…

ഗംഗ ശാന്തമാവുകയാണ്….
തിരക്കൊഴിഞ്ഞിരിക്കുന്നു… വാരണാസിയിൽ അന്ധകാരമില്ല… ഉണ്ടാവുകയുമില്ല…. കാരണം ഇവിടെ ഇനിയും എത്രയോ രുദ്രമാർ ജനിച്ചു കൊണ്ടേയിരിക്കും……. സംഹാര താണ്ഡവമാടാൻ…… തിന്മ അവസാനിപ്പിക്കാൻ… സംഹാരരുദ്രയായി……….

രോഹിത….