ഓര്‍മകളില്‍ വീണ്ടും

ഓര്‍മകളില്‍ വീണ്ടും
Ormakalil Veendum Author : Sanu Malappuram

മഴ പെയ്തു തുടങ്ങി..
മണ്ണും മഴയും പ്രണയിക്കുകയാണ്..
കുളിർക്കാറ്റ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്..
മരങ്ങൾ ആനന്ദ ലഹരിയിൽ ചാഞ്ചാടുകയാണ്..മണ്ണ് തന്റെ പരിഭവങ്ങൾ മഴയോട് മൊഴിയുകയാണ്..മണ്ണിന്റെയും മഴയുടെയും പ്രണയം ആരംഭിച്ചു..
അവരുടെ പ്രണയത്തിന് സാക്ഷികളായ് കാറ്റ്, മരങ്ങൾ,മറ്റു ജീവജാലകങ്ങളെല്ലാം ഉണ്ട്…

തിമിര്‍ത്ത് പെയ്യുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്‍ ബൈക്കുമായി മുന്നോട്ട് കുതിച്ചു റോഡ് മുഴുവന്‍ വെള്ളമായിരുന്നു.സുഹൃത്തിന്‍റെ കൈവശമുള്ള ഹാള്‍ഫ് ഗേള്‍ഫ്രണ്ട് നോവല്‍ വാങ്ങാന്‍ പോയതായിരുന്നു ഞാന്‍ തിരിച്ചു വരുന്പോയാണ് ഈ മഴ.

പെട്ടന്നായിരുന്നു ഒരു പര്‍ദ്ദക്കാരി വട്ടം ചാടിയത് ഫ്രെണ്ട് ബ്രേക്ക് പിടിച്ചു നിരങ്ങി നിരങ്ങി ബൈക്ക് നിന്നു പെട്ടന്നുള്ള ബ്രക്കിടല്‍ മൂലം ഹാള്‍ഫ് ഗേള്‍ഫ്രണ്ട് തെറിച്ച് റോഡിലെ വെള്ളത്തിലേക്ക് ഊളിയിട്ടു….

”എങ്ങോട്ട് നോക്കിയാടീ പോണത്…”

പേടിച്ച് തലതാഴ്ത്തി ചെവിരണ്ടും കൈ കൊണ്ട് ഭയത്താല്‍ മറച്ച് നില്‍ക്കുന്ന ആ പര്‍ദ്ദക്കാരിയെ നോക്കി ഞാന്‍ അട്ടഹസിച്ചു…

പതിയെ അവള്‍ തല ഉയര്‍ത്തി…..

താളം പിടിച്ച് ഉറ്റി വീഴുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ ഞാന്‍ കണ്ടത് രണ്ട് കണ്ണുകള്‍ മാത്രമായിരുന്നു…ആ കണ്ണുകള്‍ ഹിജാബ് ധരിച്ച ആ മുഖത്ത് ആകെ കാണുന്നത് ആ കണ്ണുകളാണ്…
ഞാന്‍ ഒന്ന് ഞെട്ടി ഇനി ഒരിക്കലും കാണില്ലാ എന്ന് കരുതിയ കണ്ണുകള്‍ ഞാന്‍ തിരിച്ചറിഞ്ഞു ആ കണ്ണുകളുടെ ഉടമയെ എന്‍റെ മുന്പില്‍ നില്‍ക്കുന്ന ആ പര്‍ദ്ദക്കാരിയെ എങ്ങനെ മറക്കുവാനാകും ആ കണ്ണുകള്‍…
പെട്ടന്ന് ആഞ്ഞടിച്ച കുളിര്‍കാറ്റ് ആ മുഖത്തെ മറനീക്കിക്കൊണ്ട് പോയി….
ഇപ്പോള്‍ കണ്ണുകള്‍ മാത്രമല്ല ആ മുഖവും വൃക്തമായിക്കാണാം….

മഴത്തുള്ളികളുടെ താളവും ആ കണ്ണുകളും എന്നെ ഭൂതകാലത്തിലേക്ക് ആനയിച്ചു…
മനസ്സിന്‍റെ ഓര്‍മച്ചെപ്പില്‍ നിന്നും കലാലയ ജീവിതത്തിന്‍റെ ഓര്‍മകള്‍ വാരി വിതറി…

അവള്‍ ആമിന കലാലയ ഇടനാഴിയില്‍ വെച്ച് എന്‍റെ ഖല്‍ബും കട്ട് കടന്ന് കളഞ്ഞവള്‍…

എട്ടാം ക്ലാസില്‍ വെച്ചാണ് ആദൃമായി അവളെ കാണുന്നത് എന്തോ അന്ന് മുതലെ സുറുമ എഴുതിയ ആ മിഴികളും പതിനാലാം രാവ് പോലും തോല്‍ക്കുന്ന ആ പുഞ്ചിരിയും എന്നെ അവളിലേക്ക് അടുപ്പിച്ചു…
അവളുടെ ചിരി….
അതൊരു പതിനാലാം രാവ് ആയിരുന്നു.വർഷത്തിൽ ഒരിക്കൽ മാത്രമാണ് അത് എങ്കിലും ഞാൻ എന്നും കണ്ടിരുന്നപതിനാലാം രാവ് ആണ് അവളുടെ ചിരി..

പതിയെ എന്‍റെ മനസ്സില്‍ പ്രണയത്തിന്‍റെ വിത്തുകള്‍ മുളച്ചു…

അടക്കവും ഒതുക്കവും അവളുടെ മൊഞ്ച് കൂട്ടിയിരുന്നു അത് ന്‍റെ ഖല്‍ബിലെ ഇശ്ഖിന്‍റെ ആഴവും കൂട്ടി…

ഭ്രാന്ത് പിടിച്ച പോലെയായിരുന്നു ആ കലാലയ ജീവിതം അവളെ കാണാതെ ആ പുഞ്ചിരി കാണാതെ ഒരു ദിനം പോലും കഴിച്ച് കൂട്ടാന്‍ സാധിക്കാതെ ആയി…

സ്വര്‍ഗത്തിലെ ഹൂറിയോട് മുഹബ്ബത്ത് തോന്നിയ ജിന്നിനെ പോലെ ഞാന്‍ അലഞ്ഞു…
അവളറിയാതെ അവളെ കലാലയ ഇടനാഴിയിലെ തൂണുകള്‍ മറയാക്കി നോക്കി.
ആ കണ്ണിലെ തിളക്കം എന്നെ ഏഴാനാകാശം കാണിച്ചു..
ഒരു അപ്പൂപ്പന്‍ താടി പോലെ എന്‍റെ മനസ്സ് അവളെ പിന്തുടര്‍ന്നു….

മൂന്ന് വര്‍ഷം ആരുമറിയാതെ പ്രാണനായ് കണ്ട് പ്രണയിച്ചു…പത്താം ക്ലാസ് കഴിയാന്‍ ഏതാനും ദിനങ്ങള്‍ മാത്രം ബാക്കിയിരിക്കെ…

എന്‍റെ പ്രണയം പറയാനായ് ഞാന്‍ ഉറപ്പിച്ചു…

എങ്ങനെ അവളോട് പറയുമെന്നുള്ളതിലായിരുന്നു ആശങ്ക…

ഈ ദൗതൃവുമായി പലവട്ടം അവളെ സമീപിക്കാന്‍ തുനിഞ്ഞതാണ് പക്ഷെ അതിനായ് സമീപിക്കുന്പോള്‍ ഖല്‍ബില് ഒരു ബാന്‍റടി മേളാ…
നൈസായിട്ട് കയ്യും കാലും വിറയ്ക്കും…

പക്ഷെ ഇത്തവണ എന്തായിലും പറയണം എന്നുറപ്പിച്ച് അവളെ സമീപിച്ചു ഒരു പക്ഷെ ഇത്തവണ സാധിച്ചില്ലെങ്കില്‍ ഇനി ഈ ജന്മം അതിന് കഴിയുമെന്ന് കരുതുന്നില്ല പറയാതെ പോയാല്‍ ഒരു പക്ഷെ അത് ഞാനെന്നോട് തന്നെ ചെയ്യുന്ന തെറ്റായിരിക്കും…

ഓരോന്ന് മനസ്സില്‍ കണക്ക് കൂട്ടിയാണ് ഞാനവളെ സമീപിച്ചത് അപ്പോയും സ്ഥിരമായുള്ള ആ പുഞ്ചിരി മുഖത്തുണ്ട്…

ഹൃദയമിടിപ്പ് കൃമാധീതമായി വര്‍ദ്ധിച്ച പോലെ കയ്യും കാലുമെല്ലാം ഭയങ്കര വിറയല്‍. എങ്ങനെയൊക്കയോ സംഭവം പറഞ്ഞൊപ്പിച്ചു…

” മൂന്ന് വര്‍ഷമായ് പറയണമെന്ന് കരുതുന്നു പക്ഷെ എന്തോ സാധിച്ചിരുന്നില്ല എനിക്കിഷ്ടമാണ് ഇയാളെ I…..I LOVE YOU…”

പക്ഷെ മുഖത്തെ പുഞ്ചിരി തെല്ല് മായ്ച്ച് കൊണ്ട് അവള്‍ നല്‍കിയ മറുപടി മൂന്ന് വര്‍ഷമായി ഞാന്‍ കെട്ടിപ്പൊക്കിയ മുഹബ്ബത്തിന്‍റെ താജ്മഹല്‍ തകര്‍ക്കുന്നതായിരുന്നു…

” മൂന്ന് വര്‍ഷമായി ഇത് പറയാന്‍ ചങ്കുറപ്പില്ലാത്ത നിന്നെ എന്ത് ധൈരൃത്തിലാ ഞാനിഷ്ടപ്പെടാ…ഇതൊന്നും ശെരിയാവൂല സനോ…”
എന്ന് പറഞ്ഞ് അവള്‍ നടന്നകന്നു…

മൂകനായ് ഞാന്‍ അവിടെ നിന്നു…

ഇഷ്ടം പറയുവാനായി ഇതിന് മുന്പെല്ലാം ചെന്നപ്പോള്‍ ഭയമായിരുന്നു അവളെ നഷ്ടപ്പെടുമോ ആ മുഖത്തെ പുഞ്ചിരി ഞാന്‍ കാരണം മറയുമോ എന്ന ഭയം പക്ഷെ…

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…

ശരീരത്തില്‍ നിന്നും റൂഹ് വേര്‍പിരിഞ്ഞ് പോവുന്ന വലി ആണ് പ്രണയം നഷ്ടപ്പെടുന്പോള്‍ എന്നെല്ലാം പലരും പറഞ്ഞും വായിച്ചുമെല്ലാം ഞാനറിഞ്ഞിട്ടുണ്ട് പക്ഷെ അത് അനുഭവിച്ചപ്പോള്‍ മനസ്സിലായി
കിസകളില്‍ ഇശ്ഖിന്‍റെ അജബുകള്‍ എഴുതിയ കവികള്‍ പറഞ്ഞതും എത്ര സതൃം

”മൗത്താണ് മുഹബ്ബത്ത്….”

കലാലയ ജീവിതത്തിലെ പിന്നീട് ശേഷിച്ച വിരളമായ നാളുകള്‍ അവള്‍ക്ക് മുന്പില്‍ ഞാന്‍ പോയില്ല അവളെ കാണുന്പോള്‍ ഒരു പക്ഷെ നഷ്ട ബോധം എന്നെ പിടികൂടിയാലോ എന്ന ഭയമായിരുന്നു…

അങ്ങനെ മധുരവും കയ്പ്പും സന്തോഷവും സങ്കടവും അടങ്ങിയ ആ കലാലയത്തില്‍ നിന്നും പിരിഞ്ഞു പോയ ദിനവും ഇതു പോലെ ഒരു പെരുമഴയായിരുന്നു…

കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍, നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍, അവയെ മാറോടണക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി, ആ സന്തോഷത്തില്‍ പങ്കാളികളാകുവാനായി എല്ലാ ജീവജാലങ്ങളും കാത്തുനില്‍ക്കുകയാണ്.

മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്, ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍….

സാഗരം സാക്ഷിയായ് മറഞ്ഞു പോയ ആ നാള്‍ ഇന്നും ഓര്‍മയില്‍ മായാതെ കിടപ്പുണ്ട് ആ അവസാന ദിനത്തില്‍ എനിക്കായ് അവള്‍ നല്‍കിയ പുഞ്ചിരിയും ആ ചിരിയില്‍ നഷ്ടബോധത്തിന്‍റെ നീര്‍ കണങ്ങള്‍ നിറഞ്ഞിരുന്നോ ആ മിഴികള്‍ അപ്പോള്‍ നിറഞ്ഞത് എന്തിനായിരുന്നു….

എല്ലാം കണ്ടിട്ടും കാണാത്ത മട്ടില്‍ അന്ന് തല താഴ്ത്തി തിരിഞ്ഞ് നടന്നത് നഷ്ടബോധത്തിന്‍റെ കണ്ണീര്‍ തളം കെട്ടി നിറഞ്ഞതിനാലാണ്…

പിറകില്‍ നിന്നും കേട്ട ശക്‌തമായ ഹോര്‍ണിന്‍റെ ശബ്ദത്തിനാലാണ് ഹൃദയത്തില്‍ ആറടി ആഴത്തില്‍ മറമാടിയ ഭൂത കാലത്തിന്‍റെ നനവാര്‍ന്ന ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത്….
ഒരു ഞെട്ടലോടെ ഞാനവള്‍ നിന്നിടം നോക്കി….

ശൂന്നൃം…

വര്‍ഷങ്ങള്‍ക്കുമിപ്പുറം മറമാടിയ ഓര്‍മകളെ ഓര്‍ത്തെടുക്കുവാനായിരുന്നുവേ അവള്‍ വന്നത് അതോ എന്‍റെ തോന്നലായിരുന്നോ…!

ചുറ്റുപാടും വീക്ഷിച്ചു എവിടെയും കാണ്മാനില്ല…

വെള്ളത്തില്‍ കുതിര്‍ന്ന ഹാള്‍ഫ് ഗേള്‍ഫ്രണ്ടും എടുത്ത് വീണ്ടും യാത്ര തുടര്‍ന്നപ്പോള്‍ കോരിച്ചൊരിയുന്ന മഴയയിലെ ഓരോ മഴത്തുള്ളിയും അവളുടെ ഓർമകളായി എന്നെ പുണരുന്നു….

ഈ മഴ ഒന്ന് തോര്‍ന്നിരുന്നെങ്കില്‍…

_____________________

[ പക്ഷികളുടെ തുവൽ കൊഴിയുന്നതും മനസിലെ സ്നേഹം കൊഴിയുന്നതും ഒരുപോലെ ആയിരിക്കും ആരും അറിയാതെ. എപ്പോഴോ എല്ലാം മരിച്ചു മണ്ണടിയും പിന്നീട് നമ്മൾ അത് ഓർത്തു കരയേണ്ടിയും വരും….]

സനു മലപ്പുറം