പ്രണയിച്ചവൾ 4

“ഹ ഹ ഹ…”

സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ
അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ
സംശയിച്ചു.

ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന് അപ്പോൾ ചില മുരൾച്ചകൾ അപ്പോൾ
കേട്ടു. പരുന്തുകളും കഴുകന്മാരും ആകാശം കീഴടക്കാൻ തുടങ്ങി.

അതിഭയങ്കരമായ ഒരു കാറ്റിറങ്ങുകയും കാടിൻറെ ഇരുളിമയൊട്ടാകെ പ്രചണ്ഡമായ
നൃത്തത്തിലെന്നതുപോലെ ഉലയാൻ തുടങ്ങുകയും ചെയ്തു.

അസ്തമയത്തിനിനി അധികം സമയമില്ല.

“എത്രയെത്ര കേന്ദ്ര ഏജൻസികൾ…!”

ആഹ്ലാദമടക്കാൻ ശ്രമിക്കാതെ ചിരിയുടെ അലറുന്ന ശബ്ദത്തിനിടയിൽ സർക്കിൾ ഇസ്പെക്റ്റർ
പറഞ്ഞു.

“ഗ്രേ ഹൗണ്ട്സ്! ആസ്സാം റൈഫിൾസ്! അവൻറെ അമ്മേടെ തേങ്ങാ! എന്നിട്ടെന്തായി?
കേരളാപോലീസ് തന്നെ ഹീറോ! സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ തന്നെ ഹീറോ!”

അയാൾ വീണ്ടും മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കുയർത്തി.

“കാണേണ്ടവന്മാർ കാണ്!”

അയാൾ ശബ്ദമുയർത്തി.

“ഇവനാണ് ജോയൽ ബെന്നറ്റ്!”

ആയുധധാരികളായ പോലീസുദ്യോഗസ്ഥൻമാർക്ക് മുമ്പിൽ കൈകളുയർത്തി നിന്ന സംഘത്തിൻറെ
മധ്യത്തിൽ നിന്ന ഒരു ചെറുപ്പക്കാരൻറെ നേരെ യൂസുഫ് അദിനാൻ വിരൽ ചൂണ്ടി.

കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്റ്റർമാരും നെഞ്ചിടിപ്പോടെ,
അദ്‌ഭുതത്തോടെ യൂസുഫ് അദിനാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.

എന്നിട്ട് പരസ്പ്പരം അവിശ്വസനീയതയോടെ നോക്കി.

“ഇയാളോ?”

ഒരു സബ് ഇൻസ്പെക്റ്റർ ചോദിച്ചു.

“ദ സെയിം!”

യൂസുഫ് അദിനാൻ പറഞ്ഞു.

എല്ലാ കണ്ണുകളും അയാളിൽ കേന്ദ്രീകരിച്ചു.

ഇരുപത്തിയഞ്ചിനടുത്ത് പ്രായം. നീണ്ടു വളർന്ന തലമുടിയും താടിരോമങ്ങളും. സാമാന്യം
ഉയരം. ആവശ്യത്തിന്‌ വണ്ണം. ചാരനിറമുള്ള സ്ളാക്ക് ഷർട്ടും നീല ജീൻസും
ധരിച്ചിരിക്കുന്നു. വിടർന്ന പ്രകാശമുള്ള കണ്ണുകളിൽ കത്തുന്ന വികാരമെന്തെന്നു
വിവേചിക്കാൻ പ്രയാസം.

“ഇയാളോ?”

ഒരു കോൺസ്റ്റബിൾ അവിശ്വസനീയതയോടെ ചോദിച്ചു.

“എന്താ ഷിബു സൗന്ദര്യമുള്ളവർക്ക് ആതങ്കവാദിയായാ പുളിക്കുവോ?”

യൂസുഫ് അദിനാൻ കോൺസ്റ്റബിളിനോട് ചോദിച്ചു.

“ബിൻ ലാദനേം ബിന്ദ്രൻവാലയെയും കണ്ടുകണ്ട് ഭീകരൻ എന്നാൽ അങ്ങനെയേ ആകാവൂ, കൊമ്പൻ മീശ
വേണം. കക്ഷത്തിനിടയിൽ ഇഷ്ടിക വെച്ച് എയർ വിടാതെ നടക്കുന്നവനാകണം എന്നൊക്കെ
ചിന്തിക്കുന്ന കാലമൊക്കെ പോയി എൻറെ ഷിബുവേ. ഇപ്പം എല്ലാത്തിനും മമ്മുട്ടി ലുക്കാ!”

പോലീസുദ്യോഗസ്ഥന്മാരുടെ ഭയം പുച്ഛമായി മാറി.

“ജോയൽ ബെന്നറ്റ്!”

യൂസുഫ് അദിനാൻ പോലീസ് വാഹനത്തിനടുത്ത് മെഷീൻ ഗണ്ണുകളുമായി നിന്ന നാലഞ്ച്
പോലീസുകാരുടെ മധ്യത്തിൽ നിന്ന ജോയലിനടുത്തേക്ക് ചുവടുകൾ വെച്ചു.

“നിന്നെ ജീവനോടെ പിടിക്കാൻ സ്‌പെഷ്യൽ ടീം ഡെൽഹീൽ നിന്ന് എത്തീട്ടുണ്ട്.
ഞങ്ങക്കിട്ട് ഒണ്ടാക്കാനും! മുംബൈ ടാജ് ഹോട്ടൽ ബ്‌ളാസ്റ്റിലെ ഹീറോ രാകേഷ് മഹേശ്വറാ
ലീഡർ! അവനും അവൻറെ നേഴ്‌സറി പിള്ളേരും കാട് മൊത്തം നിന്നെ തപ്പും! തപ്പി തപ്പി
ഇവിടെ വരും! ഇവിടെ വരുമ്പം കാണും അവമ്മാര് നിൻറെ പിടുക്ക്! ഈ ഗണ്ണില്ലേ, ഇത് നിന്റെ
കൊരവള്ളിക്ക് വെച്ചിട്ട് ഇപ്പ തന്നെ ട്രിഗറു വലിക്കാൻ പോകുവാ ഞാൻ!”

യൂസുഫ് അദിനാൻ തോക്ക് ഉയർത്തി.

“എന്ന് വെച്ചാ നീ എൻകൗണ്ടറിൽ അങ്ങ് തൊലഞ്ഞു…”

യൂസുഫ് അദിനാൻ തുടർന്നു.

“എന്നതായാലും അവയ്‌ലബിൾ ഡാറ്റ വെച്ച് നീയൊരു അൻപത് എണ്ണത്തിനെയെങ്കിലും
തട്ടീട്ടൊണ്ട്‌. അപ്പം തൂക്ക് കയർ ഉറപ്പല്ലേ? കയർ വ്യവസായം ഒക്കെ ഏതാണ്ട് തീർന്ന
മട്ടാ. വരുന്ന ബംഗാളികൾക്കാണേൽ കയറു പോയിട്ട് മീശപിരിക്കാൻ പോലും അറീത്തില്ല.
പിന്നെ നമ്മള് എന്നെത്തിനാ കയറേൽ തൂക്കിയെ ഒക്കത്തൊള്ളൂ എന്നങ്ങ് വാശി
പിടിക്കുന്നെ? ഒറ്റ ഉണ്ടേൽ തീരേണ്ട പണിയല്ലേ ഒള്ളൂ?”

തോക്ക് വീണ്ടും ഉയർന്നു.

തോക്കുകൾക്ക് താഴെ നെഞ്ച് വിരിച്ചു നിന്ന സഖാക്കൾ ജോയലിനെ ഭയത്തോടെ നോക്കി. കാറ്റ്
അൽപ്പം ശാന്തമായത് അവർ കണ്ടു.

“ആ വാൻ കണ്ടോ?”

റോഡിൻറെ എതിർ വശത്ത് കിടന്ന പോലീസ് വാനിലേക്ക് നോക്കി യൂസുഫ് അദിനാൻ പറഞ്ഞു.

“നിന്നെപ്പോലത്തെ ……. മക്കളെ പിടിക്കാൻ പോകുമ്പം ഞങ്ങക്ക് കിട്ടുന്ന ബോണസ്സാ. നല്ല
പെടയ്ക്കണ എകെ ഫോർട്ടി സെവനും ചാക്ക് കണക്കിന് മാഗസിനുകളുമാ അതിൽ…ബോംബെലേം നോർത്ത്
ഇൻഡ്യാലേം ഞങ്ങടെ പോലീസ് ബ്രോയ്ക്ക് ഒക്കെ കിട്ടുന്ന തരം മൊതലുകള്! നിന്നെയൊക്കെ
പിടിക്കാൻ സ്‌പെഷ്യൽ ആയി കിട്ടീത്! പക്ഷെ ഒരു സൂചി മൊനേടെ പോലും റിസ്ക്ക് ഇല്ലാതെ
എത്ര ഈസിയായിട്ടാ നിന്നെയൊക്കെ പൊക്കീത്!”

“സാറിൻറെ ഉണ്ടയോടു പറ കാലിനെടേൽ തന്നെയിരിക്കാൻ!”

ജോയൽ പരുഷമായ സ്വരത്തിൽ പറഞ്ഞു. കൂട്ടുകാരെ നോക്കിക്കൊണ്ട് അവൻ ജീൻസിൻറെ പോക്കറ്റിൽ
നിന്ന് ഒരു ക്യാപ്സൂൾ എടുത്തുയർത്തി.

“ഒഴിച്ചിലിനും കരപ്പനും കഴിക്കാൻ വേണ്ടിയല്ല ഞാനിത് എപ്പോഴും കൂട്ടത്തിൽ
കൊണ്ടുനടക്കുന്നത്. ഇതുപോലത്തെ സാഹചര്യം വരുമ്പോൾ ഉശിരോടെ സൂയിസൈഡ് ചെയ്യാനാ!”

അത് പറഞ്ഞുതീർന്ന നിമിഷം, പോലീസ് സംഘത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന്
മുമ്പ് ജോയൽ ക്യാപ്സൂൾ വായിലേക്കിട്ടു.

അടുത്ത നിമിഷം അവൻറെ ദേഹം പിടഞ്ഞു.

കൂട്ടുകാർ ഭയവിഹ്വലരായി ശബ്ദമിട്ടു.

പോലീസുകാർ സ്തംഭിച്ചു നിന്നു.

യൂസുഫ് അദിനാൻ കോപം കൊണ്ട് അലറി.

ജോയൽ നിലത്തെ കരിയിലകളുടെയും പുല്ലിൻറെയും മേലേക്ക് വീണു.

അപ്പോൾ ഒരു കോൺസ്റ്റബിൾ കുനിഞ്ഞ് അവൻറെ മൂക്കിനടുത്ത് വിരൽ ചേർത്തു.

“പോയി സാർ,”

മുഖമുയർത്തി യൂസുഫ് അദിനാൻറെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു.

“ഇവൻ മരിച്ചു!”

യൂസുഫ് അദിനാൻ അയാളെ ഭീഷണമായി നോക്കി.

“നിന്റെ അപ്പനെന്നാ മെഡിക്കൽ കോളേജ് പ്രൊഫസ്സറാണോ? ചത്തൂന്ന് അങ്ങ് ഒറപ്പിക്കാൻ?”

കലി കയറി അയാൾ ചോദിച്ചു.

പിന്നെ ജോയലിൻറെ നെഞ്ചിലേക്ക് കാലുയർത്തി അയാളെ ആഞ്ഞു തൊഴിച്ചു.

പല തവണ.

“എടാ…”

കൂട്ടത്തിലെ ഒരു സംഘാംഗം അലറി.

“ശവത്തേൽ ചവിട്ടുന്നോടാ നാറി…!”

“തല്ലിക്കൊല്ലാൻ അത്ര കൈതരിക്കുവാണെങ്കിൽ ഞങ്ങളെ കൊല്ല്! ശവത്തിൽ അല്ല സൂക്കേട്
തീർക്കേണ്ടത്!”

യൂസുഫ് അദിനാൻ ഒരു സ്ത്രീശബ്ദം കേട്ടു. കോപം കൊണ്ട് ഭ്രാന്ത് കയറി അയാൾ അത്
പറഞ്ഞയാളെ നോക്കി. സ്‌കാർഫ് കൊണ്ട് മുഖം മറച്ച ഒരു സ്ത്രീയാണ് അത് പറഞ്ഞത്.

അയാൾ ആ സ്ത്രീയുടെ നേരെ ചുവടുകൾ വെച്ചു.

അടുത്ത നിമിഷം അയാളുടെ ചടുലമായ വിരലുകൾ അവളുടെ മുഖത്തു നിന്ന് കറുത്ത സ്കാർഫ്
വലിച്ചൂരിയടുത്തു.

“പടച്ചോനെ!”

അവളുടെ മുഖത്തേക്ക് നോക്കി അയാൾ കണ്ണുകൾ വിടർത്തി വായ് പൊളിച്ചു.

“എനിക്ക് തെറ്റി! എനിക്ക് ഫുള്ളായി തെറ്റി!”

അയാൾ അവളുടെ കയ്യിൽ നിന്ന് നോട്ടം മാറ്റാതെ തലയിൽ കൈവെച്ചു.

“ആളുകള് മാവോയിസ്റ്റ് ആകുന്നതിനെ ഞാനിനി കുറ്റം പറയില്ല! ഇതുപോലത്തെ നല്ല ആറ്റൻ
സുന്ദരിപ്പീസുകൾ ഉണ്ടെങ്കിൽ ആരാ മാവോയിസ്റ്റ് ആകാത്തത്?”

പിന്നെ അയാളുടെ വലത് കൈ അവളുടെ മുഖത്തിന് നേരെ വന്നു. വിരലുകൾ അവളുടെ ചുണ്ടുകളെ
തൊട്ടു. അവൾ വെറുപ്പോടെ മുഖം തിരിച്ചു. അപ്പോൾ ഒരു സബ്ബ് ഇൻസ്പെക്റ്റർ മറ്റൊരു
സ്ത്രീയുടെ മുഖത്ത് നിന്ന് സ്കാർഫ് മാറ്റി.

“ങ്ഹേ!”

യൂസുഫ് അദിനാൻ വീണ്ടും അദ്‌ഭുതപ്പെട്ടു.

“ഇതിപ്പോൾ ആരെയാ ആദ്യം!”

അയാൾ രണ്ടു പെൺകുട്ടികളെയും മാറി മാറി നോക്കി.

“നിങ്ങള് ചരക്കുകള് ഇവിടെ നിക്ക്”

യൂസുഫ് അദിനാൻ പെൺകുട്ടികളെ നോക്കിപറഞ്ഞു.

“എന്നതാന്നു വെച്ചാ രാത്രിയാകുമ്പം ഞങ്ങക്ക് ഭയങ്കര വിശപ്പ് വരും. കാടല്ലേ?
നാട്ടിലാരുന്നേൽ കഞ്ഞീം കപ്പേം വെച്ച് അഡ്ജസ്റ്റ് ചെയ്യാരുന്നു. കാട്ടിലാകുമ്പം
പറ്റത്തില്ല. നല്ല എറച്ചി വേണം! നല്ല നെയ് മുറ്റിയ എറച്ചി…”

പോലീസുകാർ ഉച്ചത്തിൽ ചിരിച്ചു.

“ബാക്കിയുള്ളൊരു വേഗം ഒരു കാര്യം ചെയ്യ്!”

അയാള് തുടർന്നു.

“ജീവൻ വേണേൽ ഓട്! തിരിഞ്ഞുനോക്കാതെ ഓട്!”

“നിങ്ങക്ക് വേണമെങ്കിൽ ഞങ്ങൾ ഇങ്ങനെ നിങ്ങടെ മുഖത്തു നോക്കിനിൽക്കുമ്പം
വെടിവെച്ചിടാം,”

രണ്ടാമത്തെ പെൺകുട്ടി പറഞ്ഞു.

“അല്ലാതെ ഞങ്ങളെ ഓടിച്ചിട്ട് പിമ്പിൽ നിന്ന് വെടിവെച്ചിടാൻ ഞങ്ങൾ സമ്മതിക്കില്ല!
അതിന് ഞങ്ങൾ നിങ്ങൾക്ക് ചാൻസ് തരില്ല…”

“അതിന് നിന്നെ ആരാ എന്റെ ഡാർലിംഗ് വെടിവെക്കുന്നെ? നിന്നെ ഞാൻ ഇപ്പം തന്നെ എന്റെ
വെടിയാക്കാൻ പോവല്ലേ?”

മറ്റുള്ള പോലീസുകാർ വീണ്ടും ഉച്ചത്തിൽ ചിരിച്ചു.

അയാളുടെ കൈകൾ ആദ്യത്തെ പെൺകുട്ടിയുടെ മാറിടത്തിന് നേരെ നീണ്ടു.

ആ നിമിഷം നിലത്ത് കരിയിലകൾക്ക് മേൽ, പുല്ലിന് മേൽകിടന്ന ജോയൽ കണ്ണുതുറന്നത് ആരും
കണ്ടില്ല.

മിന്നൽ വേഗത്തിൽ താൻ കിടക്കുന്നതിന് മുകളിൽ നിന്ന പൊലീസുകാരന്റെ കൈയ്യിലെ തോക്കിൽ
അയാൾ ചാടിപ്പിടിച്ച് എഴുന്നേറ്റു.

അടുത്ത നിമിഷം അതിൽ നിന്ന് വെടി പൊട്ടുകയും സമീപം നിന്ന പോലീസുകാർ നിലം പൊത്തുകയും
ചെയ്തു.

ആദ്യത്തെ പെൺകുട്ടിയുടെ വലത് കാൽ മുകളിലേക്കുയർന്ന്, സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ്
അദിനാന്റെ ബെൽറ്റിന് താഴെ മിന്നൽപ്പിണർ പോലെ പതിഞ്ഞു.

“ഓഹ്ഹ്!!”

പാൻറ്റ്സിൻറെ മുൻഭാഗം പൊത്തിപ്പിടിച്ചു കൊണ്ട് യൂസുഫ് അദിനാൻ പിമ്പോട്ടു മറിഞ്ഞു.

അടുത്ത നിമിഷം സംഘാംഗങ്ങളുടെ കൈകളിൽ ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.

നിലത്ത് വീണു കിടന്ന് അപ്പോൾ ഞരങ്ങുന്ന യൂസുഫ് അദിനാനെ എടുത്തുയർത്തി ജോയൽ അയാളെ
പോലീസ് വാനിന്റെ സൈഡിലേക്ക് ചേർത്തമർത്തി.

പിന്നെ മുഷ്ടിചുരുട്ടി അയാളുടെ മൂക്കു നോക്കി ആഞ്ഞിടിച്ചു.

“ആആഹ്‌!!!”

അയാളുടെ മൂക്കിൽ നിന്ന് രക്തം കുതിച്ചു ചാടി.

“സയനൈഡ് ക്യാപ്സൂളെന്നല്ല നമ്മുടെ എപിജെ അബ്ദുൾ കലാമുണ്ടാക്കിയ അഗ്നി മിസ്സൈൽ
വിഴുങ്ങുയാലും ചാകാൻ മനസ്സില്ല എനിക്ക് യൂസുഫ് അദിനാൻ ഇൻസ്പെക്റ്ററെ…”

അവന്റെ വലത് കരത്തിന്റെ മുഷ്ടി വീണ്ടും അന്തരീക്ഷത്തിലുയർന്നു.

“പ്ലീസ്!”

യൂസുഫ് അദിനാൻ കൈകൾ കൂപ്പി.

“ഇനി എന്നെ അടിക്കരുത്! ഞാൻ…”

“അടിക്കുന്നില്ല!”

ജോയൽ ചിരിച്ചു.

“ഓട്! തിരിഞ്ഞു നോക്കാതെ ഓട്!”

അവൻ പാതയുടെ അങ്ങേയറ്റത്തേക്ക് വിരൽ ചൂണ്ടി.

“പേടിക്കണ്ട! നിന്നെപ്പോലെ ഞങ്ങൾ പിമ്പിലേക്ക് വെടിവെക്കില്ല. അതൊക്കെ നിങ്ങൾ
പോലീസ് കാരുടെ രീതികളല്ലേ? ഞങ്ങൾ ക്രിമിനൽസ്, ഭീകരന്മാർ, തീവ്രവാദികൾ അത്
ചെയ്യില്ല….”

ചുറ്റുമുള്ളവർ ചിരിച്ചു.

“മാത്രമല്ല,”

ആദ്യത്തെ പെൺകുട്ടി പറഞ്ഞു.

“നിന്നെ കൊന്നാൽ ഇന്നിവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എങ്ങനെ ലോകം അറിയും?
ഞങ്ങളുടെ കമാൻഡർ ജോയൽ ബെന്നറ്റിന്റെ വീരേതിഹാസങ്ങൾ എങ്ങനെ ലോകം അറിയും? അതുകൊണ്ട്
ഇറച്ചി തീറ്റക്കാരൻ ഓട്! ഓടെടാ!”

അവൾ കാലുയർത്താൻ തുടങ്ങി.

“അയ്യോ! വേണ്ട! ഞാനോടിക്കോളാ…!”

യൂസുഫ് അദിനാൻ പിന്തിരിഞ്ഞ് ഓടാൻ തുടങ്ങി.

ഇടയ്ക്ക് അയാൾ നിലത്തേക്ക് തെന്നി വീഴുന്നത് കണ്ട് അവർ ഉറക്കെ ചിരിച്ചു.

“റിയ,”

ജോയൽ ആദ്യത്തെ പെൺകുട്ടിയോട് പറഞ്ഞു.

“ആ വാൻ ശരിക്ക് ചെക്ക് ചെയ്യ്…പോലീസ് പറഞ്ഞതുപോലെ ശരിക്കും അതിൽ ഏ കെ ഫോർട്ടി സെവൻ
തന്നെയാണോ എന്ന് നോക്കൂ ,”

റിയ ചുമലിൽ കിടന്ന കിറ്റ് തുറന്നു.

എക്സ്പ്ലോസീവ് ഡിറ്റക്റ്റർ എടുത്തു.

തന്റെ മുമ്പിൽ നിൽക്കുന്നവരോട് അൽപ്പം കൂടി പിമ്പോട്ടു നീങ്ങുവാൻ ആവശ്യപ്പെട്ടു.

പിന്നെ അതിൻറെ സ്വിച്ച് അമർത്തി.

പച്ച വെളിച്ചം കണ്ടതിൽ സംതൃപ്തിയോടെ അവൾ കൂട്ടത്തിലെ രണ്ടുപേരെ ആംഗ്യത്തിലൂടെ
വിളിച്ച് സമീപത്തെ വാനിലേക്ക് കയറി.

അകത്ത് കയറിയ റിയയും കൂട്ടുകാരും അദ്‌ഭുതപ്പെട്ടുപോയി.

നാലഞ്ച് വലിയ മെറ്റാലിക് ബോക്സുകൾ നിറയെ അത്യാധുനികമായ മെഷീൻ തോക്കുകൾ!

“ഇത്രയും!”

അവരിലൊരാൾ ശ്വാസം നിലച്ചുപോകുന്നത് പോലെ ചോദിച്ചു.

“ഇതൊക്കെ ജോയലിനെ പൂട്ടാൻ വേണ്ടിയാ!”

റിയ അവയിലൊരെണ്ണമെടുത്തുകൊണ്ട് പറഞ്ഞു.

“ഒരു കാര്യം ചെയ്യൂ,”

മറ്റൊരാൾ അവളോട് പറഞ്ഞു.

“റിയ അടുത്തതായി സ്ക്രിപ്റ്റ് ചെയ്യാൻ പോകുന്ന സിനിമയിൽ ഇപ്പോൾ നടന്നതിന്റെ ഒരു
പ്രസൻസ് കൂടി ഉൾപ്പെടുത്ത്…”

വാനിന്റെ വാതിൽക്കലേക്ക് നടക്കുകയായിരുന്ന റിയ അത് കേട്ട് പുഞ്ചിരിച്ചു.

വാതിൽക്കലെത്തി റിയ ജോയൽ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി.

“എല്ലാവരും വരൂ!”

അവൾ വിളിച്ചു പറഞ്ഞു.

സംഘം മുഴുവനും തിടുക്കത്തിൽ വാനിലേക്ക് വന്നു.

പകുതി വാനിനു ചുറ്റും ആയുധങ്ങളോടെ കാവൽ നിൽക്കുകയും പകുതിപ്പേർ വാനിനുള്ളിലേക്ക്
കയറുകയും ചെയ്തു.

“ഓഹോ!”

അആയുധക്കൂമ്പാരങ്ങളിലേക്ക് നോക്കി ജോയൽ ചിരിച്ചു.

“സ്റ്റേറ്റ് പോലീസിന്റെ ആയുധപ്പുരയിൽ ഇനി ബാക്കിയെന്തെങ്കിലും കാണുമോ?”

അയാൾ സ്വയം ചോദിച്ചു.

“എനിക്ക് ഇതിനുമാത്രം വിലയൊക്കെയുണ്ടോ ഷബ്നം?”

അവൻ തന്റെ ഇടത് വശത്ത് നിന്ന പെൺകുട്ടിയോട് ചോദിച്ചു.

“ഫേസ്ബുക്കിൽ ലൈക്കുകളുടെ എണ്ണം കൂടുന്നത് പോലെ ഓരോ ദിവസവും ജോയലിന്റെ തലയ്ക്ക് വില
കൂടുന്നുണ്ട്,”

ഷബ്നം പറഞ്ഞു. പിന്നെ അവളുടെ മുഖം വിഷാദാത്മകമായി.

“ലൈക്കുകളുടെ എണ്ണം പോലെയോ?”

അതുകേട്ട് അവൻ ചിരിച്ചു.

“കമൻറ്റുകളുടെ എണ്ണവും കൂടുമോ?”

അവൻ വീണ്ടും ചോദിച്ചു.

“പിന്നെ കൂടാതെ?”

മറ്റുള്ളവരോടൊപ്പം ബോക്‌സുകളോട് കൂടി ആയുധങ്ങൾ പുറത്തേക്ക് നീക്കുന്നതിനിടയിൽ റിയ
പറഞ്ഞു.

“എന്തെല്ലാം കമൻറ്റുകൾ ആണ് മീഡിയ ഇപ്പഴേ എഴുതി ഒരുക്കി പ്രിപ്പയർ ചെയ്ത്
വെച്ചിരിക്കുന്നത് എന്നറിയാമോ? ഏൻഡ് ഓഫ് എ കമ്രേഡ്. ഇന്ത്യൻ സായുധവിപ്ലവത്തിന്റെ
അവസാനത്തെ മുഖം…ബ്ളാ ബ്ളാ…പക്ഷെ ഞങ്ങൾ നിന്നെ വിട്ടുകൊടുത്താലല്ലേ അവന്മാർ കമന്റ്റ്
എഴുതൂ?? ഞങ്ങൾ ഷെയർ ചെയ്യും നിന്നെ! എല്ലാവരും കൂടി!”

അത് പറഞ്ഞ് അവൾ ഷബ്‌നത്തെ നോക്കി. അവൾ വിഷാദത്തോടെ തിരിച്ചും.

“കഴിഞ്ഞ രണ്ടുപ്രാവശ്യത്തെയും സിനിമ തനി പൈങ്കിളിയായത് കൊണ്ടാണോ ഇപ്പോൾ നീ എന്ത്
പറഞ്ഞാലും ഒരു പൈങ്കിളി ടച്ച്?”

ആയുധപ്പെട്ടികളുമായി കാട്ടിനുളിലേക്ക് കയറവെ ജോയൽ ചോദിച്ചു.

നാല് വർഷങ്ങൾക്ക് മുമ്പ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് നാലാം
സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് അച്ഛൻ പൗലോസിനെ തേടി സ്വകാര്യ
പണമിടപാടുകൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ഗുണ്ടകൾ വീട്ടിൽ വന്നത്. വീട്ടിൽ അവളുടെ
അമ്മയെയും ഇളയ സഹോദരിയേയും കണ്ടപ്പോൾ അവർക്ക് പണം തിരികെയടക്കാൻ സാവകാശം വേണമെങ്കിൽ
സ്ത്രീകളെ രണ്ടുപേരെയും അൽപ്പ സമയത്തേക്ക് വിട്ടുതരണമെന്ന് പറഞ്ഞു. കോപാകുലനായ
പൗലോസ് അത് പറഞ്ഞയാളെ തല്ലി നിലത്തിട്ടു. പക്ഷേ പിന്നെ നടന്നത് മൂന്ന് കൊലപാതകങ്ങൾ.
റിയയുടെ അച്ഛനും അമ്മയും സഹോദരിയും വീട്ടുമുറ്റത്ത് കൊല ചെയ്യപ്പെട്ട് മരിച്ചുവീണു.
നിയമത്തിന്റെ വഴിയിലൂടെ നീതിയ്ക്ക് വേണ്ടിയിറങ്ങിയ അനാഥയായ റിയയ്‌ക്ക്‌ പക്ഷെ
നാട്ടിലെ നിയമവ്യവസ്ഥ വേട്ടക്കാരോടൊപ്പമാണ് എന്ന് മനസ്സിലാക്കാൻ അധികം
നാളുകളെടുത്തില്ല.

“പിന്നെ അവശേഷിക്കുന്നത് ഫിൽമിയായ ഇൻഡിവീജ്വൽ ഹീറോയിസമല്ലേ?”

അവൾ ഒരിക്കൽ ജോയലിനോട് പറഞ്ഞു.

“അത് തന്നെ മാർഗ്ഗം. ഏതായാലും ഇനി ജീവിച്ചിരുന്നിട്ട് അങ്ങനെ പ്രത്യേകിച്ച്
അർത്ഥമൊന്നുമില്ല. അല്ലെങ്കിൽ ജീവിതത്തിന് ഒരേ ഒരു അർത്ഥമേയുള്ളൂ. റിവഞ്ച്!
സേഫ്റ്റി പിന്ന് പോലും ശരിക്കും യൂസ് ചെയ്യാൻ അറിയില്ലാത്ത ഞാൻ തോക്ക് ഉപയോഗിക്കാൻ
പഠിച്ചു. ഷൂട്ട് ചെയ്യാൻ പഠിച്ചു. തട്ടി രണ്ടല്ല. മൂന്നെണ്ണത്തിനെ. രണ്ടു
ഗുണ്ടകളേം. അവമ്മാരുടെ ബോസ്സിനേം …അപ്പഴാ നിന്റെ സ്റ്റോറി കേള്ക്കുന്നെ…പിന്നെ നേരെ
ട്രിവാൻഡ്രം ഘോരഖ്പൂർ വണ്ടി പിടിച്ചു. നിന്നെ അന്വേഷിച്ച് ബസ്തറിലെക്ക് വന്നു….”

പഠിക്കുന്ന കാലത്ത് തന്നെ എഴുത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു റിയ. കഥകൾ, നാടകങ്ങൾ,
കവിതകൾ. അവളെഴുതിയ ഒരു നാടകം കണ്ണൂർ സംഘമിത്രയിലെ സംവിധായകൻ സോമശേഖരന്റെ ശ്രദ്ധയിൽ
പെട്ടിരുന്നു. അത് സംഘമിത്രയ്ക്ക് വേണ്ടി സംവിധാനം ചെയ്യാനുള്ള ചർച്ചകൾ
പുരോഗമിക്കവെയാണ് അച്ഛനും അമ്മയും സഹോദരിയുമൊക്കെ കൊല്ലപ്പെടുന്നത്. ബസ്തറിൽ
സായുധപരിശീലനത്തിൽ മുഴുകുന്ന ദിവസങ്ങളിൽ അവൾ ഒരു തിരക്കഥ എഴുതി
പൂർത്തിയാക്കിയിരുന്നു. അത് കാണാനിടയായ ജോയൽ കോഴിക്കോട്ടുകാരൻ, കച്ചവട
ചേരുവകകളോടൊപ്പം കലാമൂല്യമുള്ള സിനിമകൾ സംവിധാനം ചെയ്യുന്ന പ്രശസ്ത സംവിധായകൻ
രെഞ്ചുവിന് അയച്ചുകൊടുത്തു. അടുപ്പവും പരിചയവുമുള്ള രെഞ്ചു ആ തിരക്കഥ പെട്ടെന്ന്
സിനിമയാക്കാനുള്ള ചർച്ചകൾക്ക് ഒരുങ്ങാൻ ജോയലിനെ അറിയിച്ചു.

പക്ഷെ തിരക്കഥ രെഞ്ചുവിന്റെ സ്വന്തം പേരിൽ മതിയെന്നുംഅതിന്റെ പ്രതിഫലം മാത്രമേ
തങ്ങൾക്കാവശ്യമുള്ളൂ എന്നും ജോയൽ റിയയ്ക്ക് വേണ്ടി അയാളെ അറിയിച്ചു. മാത്രമല്ല
ഭാവിയിൽ റിയ എഴുതുന്ന എല്ലാ തിരക്കഥകളും രെഞ്ചുവിന്റെ പേരിൽ മാത്രമേ വരാവൂ എന്നും
അവൻ അയാളോട് നിഷ്‌ക്കർഷിച്ചു. അങ്ങനെ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട
“കീലേരിയിലെ പവിഴം അഥവാ ഒരു മധ്യാഹ്ന കൊലപാതകം” എന്ന സിനിമ രെഞ്ചുവിന്റെ പേരിലുള്ള
തിരക്കഥയിൽ ഒരുങ്ങി. അതിന് ശേഷം “ഉസ്താദ് ലോഡ്ജ്” “മംഗലാപുരം ഡേയ്‌സ്” തുടങ്ങിയ
തിരക്കഥകൾ മറ്റുള്ളവരുടെ പേരിൽ വൻ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കിയ സിനിമകളായി….