അവൾ – ഹഫീസയുടെ കഥ

ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

“വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, അട്ടഹാസവും നോക്കി നിന്ന രാം ചരണെന്ന മുതിർന്ന പോലീസുകാരൻ പല്ലിറുമ്മി.

“കോടതിയിൽ നിന്നെ ഹാജരാക്കും മുൻപ് നീ പറഞ്ഞേ തീരൂ നീ ചെയ്തത്, എങ്ങനെ, എന്ത്, എന്തിനു വേണ്ടി” എസ് ഐ , ദത്താറാം ഇരിക്കാൻ വേണ്ടി ഒരു സ്റ്റൂൾ അവൾക്ക് നീക്കിയിട്ടുകൊടുത്തു കൊണ്ട് പറഞ്ഞു.

ദത്താറാം , ഹഫീസയെ സൂക്ഷിച്ചു നോക്കി. അവൾക്ക് ഒരു പതിനേഴോ, പതിനെട്ടോ വയസ്സ് കാണും. ചാരനിറമുള്ള മുടി, തല മൂടി വെച്ചിരിക്കുന്ന ഷാളിനിടയിൽ കൂടി കാണാം. ഒതുക്കമുള്ള കൂർത്ത മൂക്കിൽ ഒരു വെളളി ചിറ്റ് മൂക്കൂത്തി. കൊലുന്നനെ ഉള്ള ദേഹം. ഇവൾ ആ തടിയനെ എങ്ങനെ കീഴ്‌പ്പെടുത്തി കളഞ്ഞു എന്നാണു ദത്താറാമപ്പോൾ ആലോചിച്ചിരുന്നത്.

“എനിക്കല്പം വെള്ളം വേണം, നിങ്ങൾക്കറിയേണ്ടത് ഞാൻ പറഞ്ഞു തരാം” ഹഫീസ ഒന്ന് മയപ്പെട്ടു.

പൊലീസുകാരി മാധവി കൗർ ഒരു ഗ്ളാസ്സിൽ നിറയെ വെള്ളം കൊണ്ട് കൊടുത്തു. അത് വാങ്ങി ഒരിറക്ക് കുടിച്ചിട്ട്, അവൾ തന്റെ കൈകൾ നീട്ടി , കുപ്പായകൈ തെറുത്തു കയറ്റി കാണിച്ചിട്ട് പറഞ്ഞു , “അവനെ കൊന്നത് ഞാൻ തന്നെ ആണ്, ഒറ്റയ്ക്ക്, ഈ കൈകൾ കൊണ്ട്.”

“ഒന്നും ചെയ്യാനില്ലാതെ നോക്കി നിൽക്കുന്നതിന്റെ വേദന, മരണത്തെക്കാൾ ഭീകരമാണ്. എനിക്കിനി ബാക്കി എന്തുണ്ട് ? കൊലക്കയർ മാത്രമാകാം. ഭയമില്ല. പറയാം, നിങ്ങൾക്ക് മുൻപിൽ മാത്രമല്ല. മനുഷ്യാവകാശ പ്രവർത്തകർ പുറത്തതുണ്ടല്ലോ. അവരെയും വിളിക്കണം. പോലീസുകാർ ഞാൻ പറയുന്നതെല്ലാം എഴുതിയെന്ന് വരില്ല.” ഹഫീസ, തലയിലെ കോറ തുണി വലിച്ചു പിടിച്ചു, താഴേക്ക് നോക്കി നിന്നു.

ഹഫീസയ്ക്ക് പറയാനുള്ളത് എന്താകും എന്ന് ദത്താ റാം മാധവികൗർ നോട് ചോദിച്ചു. കൗർ “”ഇതൊക്കെ എന്ത്”” എന്ന മട്ടിൽ ഏതോ പഞ്ചാബി പത്രം നിവർത്തി പരസ്യങ്ങളിലേയ്ക്ക് കണ്ണ് പായിച്ചു.

ആ പോലീസുകാരൻ ഹഫീസയെ ഒരു വിധം അനുനയിപ്പിച്ച് ഇരിക്കുവാൻ പറഞ്ഞു.

അവൾ അവളുടെ കുടുംബത്തെ പറ്റി പറഞ്ഞു തുടങ്ങി.

“അലിബാഗിൽ പലഹാരക്കച്ചവടം നടത്തിയാണ് എന്റെ അബ്ബ കുടുംബം നോക്കിയിരുന്നത്. എനിക്ക് രണ്ടു സഹോദരിമാർ സഫയും മർവയും എന്റെ മൂത്തവർ, ഞങ്ങൾ മൂന്ന് പെണ്മക്കൾ. എന്റെ അമ്മി കൈകളിൽ നിറയെ മൈലാഞ്ചിയും വളകളുമണിഞ്ഞിരുന്നു, ജിലേബി, കാജു ബർഫി, ഗുജിയ എന്നിവ ഉണ്ടാക്കുന്നതിൽ അമ്മി നിപുണയായിരുന്നു. അലിബാഗിൽ നിന്നും, ഷോലാപൂരിലേയ്ക്ക് താമസം മാറിയത് തന്നെ, അല്പം പണം സമ്പാദിച്ച ഒരുത്തിയെ എങ്കിലും കെട്ടിച്ചു വിടാമല്ലോ എന്ന ആഗ്രഹത്തിലായിരുന്നു എന്നത് അബ്ബ പറയുമായിരുന്നു. എന്നും നെയ്യും, പഞ്ചസാര ഉരുക്കിയതിന്റെയും ഏലക്കയുടെയും ഒക്കെ മണം ഞങ്ങളുടെ കൊച്ചു വീട്ടിൽ നിറഞ്ഞു നിന്നിരുന്നു. ആഗ്രയിൽ നിന്നും അമ്മിയുടെ ഇളയ അനുജൻ കൊടുത്തയച്ചിരുന്ന അത്തർ പൂശി അമ്മി ഇടയ്ക്കിടെ അതി മനോഹരമായി ഒരുങ്ങി ചമയുമായിരുന്നു. വെളുത്ത കൈകളിൽ കോണുകളിൽ മെഹന്തി നിറച്ചു സഫ എന്റെ കൈകളിൽ മൈലാഞ്ചി ഇട്ടു തന്നിരുന്നു. ജീവിതം സുന്ദരമായിരുന്നു. ആർഭാടമില്ലെങ്കിലും. കൈകളിൽ ചുമന്ന മൈലാഞ്ചി ചാറു പോലെ വർണ്ണാഭമായിരുന്നു. നിങ്ങൾ വന്ന എന്റെ വീട്ടിന്റെ നാല് ചുവടപ്പുറം ഒരു നീല കെട്ടിടമില്ലേ, അതിന്റെ ഏഴാം നിലയിൽ, നാസിക്കിൽ നിന്നും വന്നു താമസമാക്കിയ, ഹിന്ദി നടൻ ആദിത്യ പഞ്ചോളിയുടെ ഛായയുള്ള അൻമോൽ ഗുപ്ത വന്നതിൽ പിന്നെ, ഞങ്ങളുടെ വീട്ടിൽ അശാന്തി പുകയാൻ തുടങ്ങി.

സഫയെ പലഹാരം വാങ്ങാൻ വന്നു വന്നു അവൻ പാട്ടിലാക്കി. ഗണേശ ചതുര്ഥിയുടെ അന്ന്, നിമഞ്ജനത്തിന്റെ തിരക്കിൻറെ അന്ന് , ഇരുൾ മൂടിയ രാത്രിയിലെപ്പോഴോ, സഫ അവന്റെ കൂടെ ഇറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ, കുങ്കുമകുറി തൊട്ടവർ, അവന്റെ ആൾക്കാർ വീട്ടിൽ കയറി സർവ്വതും അടിച്ചു തകർത്തു.

മർവയെ അവർ ഭിത്തിയിലേക്ക് ആഞ്ഞു തള്ളി. അവൾ തിളച്ച നെയ്യിലേക്കാണ് വീണത്. പ്രണയം കവികൾക്ക് പാടുവാൻ മാത്രമേ കൊള്ളൂ, മതം നോക്കി പ്രണയിക്കു എന്നൊരു കവിയുമെന്തേ പാടാഞ്ഞത് ? മർവ പൊള്ളലേറ്റ അന്ന്, അതേ വൈകുന്നേരം, തൊപ്പിക്കാരുടെ ഊഴം ആയി, മൈലാഞ്ചി താടി വെച്ച കുറെ ആളുകൾ അബ്ബയെ അസഭ്യം പറയുകയും, ഫത്‌വ ഏർപ്പെടുത്തുകയും ചെയ്തു.

പലഹാരം വാങ്ങാൻ ആളുകൾ വരാതായി. മർവയെ ചികിൽസിക്കാൻ പണം വേണം, അമ്മി അത്തർ പൂശാതെ, ഇരുളിൽ നെടുവീർപ്പിട്ടു. അന്നത്തെ അന്നത്തിനു തന്നെ ബുദ്ധിമുട്ടായിത്തുടങ്ങി. അബ്ബ ദൂരെ എവിടെയോ പോയി, ആരുടെയോ ഒക്കെ കാലു പിടിച്ചു കൊണ്ട് വരുന്ന അരി, കൂടുതൽ വെള്ളവും ചേർത്തു തിളപ്പിച്ച് കഴിക്കേണ്ട ഗതികേടായി . “

ദത്താറാം തല ചൊറിഞ്ഞു , ലക്ഷ്മിലാലിനെ നോക്കി, “മതം ഒരു വിഷം നിറഞ്ഞ വിഷയമാണ് , കൊടിയ വിഷം അല്ലെ എന്നാരാഞ്ഞു ”

പക്ഷേ അയാൾ, ലക്ഷ്മിലാൽ എന്ന ഹെഡ് പോലീസുകാരൻ അയാളുടെ കഴുകൻ കണ്ണുകൾ ഹഫീസയുടെ മാറിലേക്ക് പായിച്ചു കൊണ്ട് പറഞ്ഞു “ഇവൾക്കൊക്കെ സഹതാപം കിട്ടാൻ എന്തും പറയാം, അതും പെണ്ണല്ലേ, കണ്ണീരൊലിപ്പിച്ചു രക്ഷപ്പെടാം എന്നായിരിക്കും, ”

“ഇഴഞ്ഞും കുഴഞ്ഞും നീങ്ങിയ ദിവസങ്ങൾക്കിടയിൽ, അബ്ബ വന്ന ഒരു വൈകുന്നേരം കൂടെ സഫയും ഉണ്ടായിരുന്നു, നിറവയറുമായി. നാസിക്കിലെ അമ്പലത്തിന്റെ തിണ്ണയിൽ ഭിക്ഷ യാചിക്കുന്ന സഫയെ, അബ്ബാ ആകസ്മികമായി കണ്ടു മുട്ടിയതാണ് പിന്നീടുള്ള എല്ലാ സംഭവത്തിനും ഹേതുവായത് .

“മകളല്ലേ, ഉപേക്ഷിക്കാൻ മനസ്സ് വന്നില്ലെന്ന് “അബ്ബ അമ്മിയോട്‌ അന്ന് പറയുന്നത് ഞാൻ കേട്ടു . ഗണേശ ചതുർത്ഥി ദിവസം അൻമോൽ ഗുപ്ത അവളെ കൂട്ടിക്കൊണ്ട് പോയി ഏതോ ഒരു അമ്പലത്തിൽ വെച്ചു മാല ഇട്ടു,ദൂരെ ഏതോ ഒരുവീട്ടിൽ രണ്ടാളും താമസവുമായത്രേ , അവനെന്തോ ജോലി ചെയ്ത് അവർ ജീവിക്കാൻ തുടങ്ങിയതാണ്, പക്ഷേ കൃത്യം രണ്ടു മാസത്തിന്റെയന്നു, പകൽ പുറത്തു പോയ അവൻ പിന്നെ മടങ്ങി വന്നില്ല.

ഗലിയിലെ , സബ്ജി വിളിക്കുന്ന കിഴവൻ പറയുന്നത് കേട്ടു, കിളരമുള്ള ഒരു വെളുത്ത നിറക്കാരനും, കൂട്ടരും, വിലയേറിയ ഒരു കാറിൽ അൻമോലിനെ പിടിച്ചു ഇട്ടു കൊണ്ട് പോയെന്ന്. അവന്റെ കുടുംബക്കാർ തന്നെയായിരുന്നത്. സഫ ഒരു മാസം ഗർഭിണിയും. അവൾക്ക് എങ്ങോട്ട് പോകണെമറിയാതെ, നാസിക്കിലെ ആ ഗണേശമന്ദിരത്തിന്റെ വാതിൽക്കൽ ചടഞ്ഞു കൂടി കാലം കഴിഞ്ഞു. അപ്പോഴാണ് അബ്ബ അവളെ കണ്ടതും കൂട്ടി കൊണ്ട് വന്നതും.

അവൾ വന്നതറിഞ്ഞു അന്ന് രാത്രി അവളെ, സഫയെ തേടി അൻമോൽ ഗുപ്ത വീണ്ടും വന്നു, തടവ് ചാടി, അവൻ വീട്ടു തടങ്കലിൽ ആയിരുന്നു അത്രേ. അവന്റെ അച്ഛൻ മുതിർന്ന ഗുപ്ത അവനെ പൂട്ടിയിട്ടിരുന്നത്രെ. അവർ സംസാരിക്കുന്നതും നോക്കി ഞാൻ അടുക്കളപ്പുറത്തിരുന്നു.

അലറി വിളികളും അതിന്റെ ഒപ്പം വാൾത്തലപ്പിന്റെ സീൽക്കാരവും പെട്ടെന്നാണ് എന്റെ തലക്ക് മുകളിൽ കൂടി കൊടുങ്കാറ്റായത്.

എന്റെ മുന്നിൽ വെച്ചാണ് അമ്മിയെയും അബ്ബായെയും, അവന്റെ ആൾക്കാർ വെട്ടി വീഴ്ത്തിയത്. സഫിയയുടെ വയറു വെട്ടിക്കീറി ആ പിഞ്ചു കുഞ്ഞിനേയും…….. ”

ഹഫീസ കിതയ്ക്കാൻ തുടങ്ങി.

“ചോര പടർന്ന് , ഒഴുകി.. മർവയെയും അവർ വെറുതെ വിട്ടില്ലല്ലോ.. എണീക്കാൻ വയ്യാതെ കിടന്ന അവളെയും അവർ തുണ്ടമാക്കി… ഞാൻ അരമതിലിനപ്പുറം ഒളിച്ചത് കൊണ്ടെന്നെ പിടിച്ചില്ലവന്മാർ..

അൻമോലിനെ കൈയും കാലും കെട്ടി വീണ്ടും അവർ കൊണ്ട് പോയി. “പച്ച ചോര മണം എന്റെ ചുറ്റും… നിങ്ങൾ ശ്വസിച്ചിട്ടുണ്ടോ പച്ചമണം മാറാത്ത കൊഴുത്ത ചോര ? ”

ഹഫീസയുടെ നെഞ്ച് വീണ്ടും ക്രമാതീതം ആയി ഉയർന്നു താണു .

ഒരു പന്തം കത്തി വീടിനു മുകളിൽ വീണു. തീ പടരാൻ തുടങ്ങി. അതിന്റെ വെളിച്ചത്തിൽ അൻമോലിന്റെ മൂത്ത സഹോദരൻ എന്നെ കണ്ടു… അവൻ എന്നെ ലക്ഷ്യമാക്കി വരുന്നത് ഞാൻ കണ്ടു…

ബാക്കിയുള്ളവർ അൻമോലിനെയും കൊണ്ട് മടങ്ങിയിരുന്നു.. അരമതിലിനപ്പുറത്തേയ്ക്ക് അവൻ കാലെടുത്തു വെച്ചതും, അതിനു മുൻപേ കൈവശപ്പെടുത്തി വെച്ചിരുന്ന ജിലേബി കോരുന്ന ചട്ടുകത്തിന്റെ കൂർത്ത വശം ഞാനവന്റെ ചീർത്ത വയറിലേക്ക് കുത്തി ഇറക്കി… അവന്റെ നിലവിളി ആരും കേട്ടില്ല.. ആളിപ്പടരുന്ന തീയിൽ ആരും കേട്ടില്ല… അവൻ ചാകുന്നതും നോക്കി ഞാനവിടെ ഇരുന്നു…

നിശബ്ദമായ നിലവിളിയോടെ, അമ്മി, അബ്ബാ, മർവയും, സഫായും, അവളുടെ കുഞ്ഞും, ആ തീയിൽ എരിഞ്ഞു തീർന്നു.

വെളുപ്പിനെ ഞാനടുത്ത മസ്ജിദിലേക്ക് അഭയം പ്രാപിച്ചു, അവിടത്തെ മഞ്ഞത്താടി വെച്ചവർ “ഫത്‌വ പ്രഖ്യാപിച്ചവൾ ആണ് ഞാനെന്നു” ഞാൻ മറന്നു പോയിരുന്നു.. “പുഴുത്ത പട്ടിയെ പോലെ ആട്ടിപ്പായിച്ചുയെന്നെ.” നിവർത്തിയില്ലാതെ ഞാനിറങ്ങി, കടൽപ്പാലത്തിൽ നിന്നും താഴെക്ക് ചാടുവാൻ വന്ന എന്നെ ആ പോലീസ്സുകാരൻ കണ്ടു പിടിച്ചു, ഇവിടെ കൊണ്ട് വന്നു. ഒരു ഹിന്ദുവിനെ കൊന്ന മുസ്ലിം പെണ്ണായി ഞാൻ മുദ്രകുത്തപ്പെടുന്നു ” ഞാൻ കൊന്നത് തന്നെ, അഞ്ച് ജീവന് പകരം ഒന്നേ എനിക്കെടുക്കാനായുള്ളു എന്ന സങ്കടമേ എനിക്കിപ്പോഴുള്ളൂ..”

സ്റ്റേഷനിൽ വെച്ച്, രണ്ടു മൂന്നു വട്ടം, കറുത്ത ടെലിഫോൺ റിസെർവർ ചെവിക്ക് ചേർത്ത്, മറു ചെവി പൊത്തി പിടിച്ചു, അടക്കിയ സ്വരത്തിൽ ലക്ഷ്മിലാൽ ആരോടോ സംസാരിക്കുന്നതും കണ്ടു.

മാധവി കൗർ, പത്രത്തിൽ തന്നെ അപ്പോഴും.. ഇവരെന്താണ് ഇങ്ങനെ വായിക്കുന്നത്…?

“ഹഫീസ ഇവിടെ സേഫ് ആയിരിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പു വേണം,” കൈകൾ ഇല്ലാത്ത ബ്ലൗസ് ഇട്ട ബോയ്‌ക്കട്ടുകാരി, മനുഷ്യവകാശ പ്രവർത്തക പറഞ്ഞു.

ലക്ഷ്മിലാൽ, പല്ലു കടിച്ചു. “നിങ്ങൾ അവൾക്ക് പറയാനുള്ളത് കേട്ടെങ്കിൽ സ്ഥലം വിടുക, ” “പോലീസിന്റെ പണി, ഞങ്ങൾ എടുത്തു കൊള്ളാം ”

എന്തോ തർക്കങ്ങൾ അവിടെ പിന്നെ നടന്നു. അതിനൊടുവിൽ, ദത്താറാം, ലക്ഷ്മിലാൽ എന്നിവർ ജീപ്പെടുത്തു എങ്ങോട്ടോ പോയി.

മനുഷ്യാവകാശപ്രവർത്തകർ, അവരുടെ ചില്ലറ സംവാദങ്ങൾക്കൊടുവിൽ പിരിഞ്ഞു.

ജീപ്പിലിരിന്നു ലക്ഷ്മിലാൽ സംസാരിച്ചതത്രയും പണ്ട് മുംബൈയിൽ നടന്ന കലാപങ്ങളെ കുറിച്ചായിരുന്നു.

തെക്കുവടക്ക് നടന്നു മറ്റു മതക്കാർ വെട്ടികൊന്നതിൽ കൂടുതൽ തന്റെ മതക്കാരായിരുന്നു ഇരകൾ. അവരുടെ മരണസംഖ്യ വർധിച്ചു വരുന്നതിൽ, അയാൾക്ക് വല്ലാത്ത മാനസികാസ്വാസ്ഥ്യം തന്നെ തോന്നിയിരുന്നു.. അതിനിടയിലാണ് , “ഒരു മറ്റേ മത”ക്കാരിയെ കൊലപാതകിയായി സ്റ്റേഷനിൽ കൊണ്ട് വന്നിരിക്കുന്നത്.

ലക്ഷ്മിലാലിനോട്, ഇടയ്ക്ക് ഫോണിൽ സംസാരിച്ചത് ഗുപ്തമാർ ആയിരിക്കാമെന്ന് ദത്താറാം ഊഹിച്ചു. സ്വതവേ മതവെറിയനായ മുതുക്കനു, ഹഫീസയെ കൊല്ലാനുള്ള അരിശം ഉണ്ടെന്ന് ദത്താറാമിന് തോന്നി. അതാണ് അയാൾ ഇത്രക്ക് അസ്വസ്ഥൻ ആയി മുഷ്ടി ചുരുട്ടി പല്ലിറുമ്മുന്നത്.

മുഷ്ടി ചുരുട്ടി ലക്ഷ്മിലാൽ ജീപ്പിന്റെ സ്റ്റീറിങ്ങിൽ ഇടിച്ചു.

ദത്താറാം സ്വർണപ്പല്ലു കാട്ടി ഒരു ഊള ചിരി ചിരിച്ചു.”ഇതും ഒരു മതകലാപ കേസ് ആയി കുഴിച്ച് മൂടപ്പെടും. ”

ലക്ഷ്മിലാൽ കൂർത്ത പുരികം ഉയർത്തി ” സാബ് പറയ്” അവളിനി പുറം ലോകം കാണില്ല ”

ദത്താറാം താടി വെട്ടിച്ചു, വേണ്ട എന്നർത്ഥത്തിൽ , “നാം ആ കേസ് അനേഷിക്കുന്നവർ ആണ്. മറക്കണ്ട.. ”

മടങ്ങി സ്റ്റേഷനിൽ എത്തിയ ദത്ത റാം കണ്ടത് , മാധവികൗറിനോട് കയർക്കുന്ന ഹഫീസയെ ആണ്.

ലക്ഷ്മിലാൽ, ജീപ്പ് നിർത്തി ചാടിത്തുള്ളി കയറി വന്നപ്പോൾ, ദത്താറാം മിണ്ടരുതെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

“നിങ്ങൾ പോലീസുകാർക്ക് പലതും പറയാം, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്റെ കുടുംബം ഇല്ലാതായത് ? രണ്ടു മനുഷ്യ ജീവികൾ സ്നേഹിച്ചിട്ടോ? മതം നോക്കി അല്ല അവർ സ്നേഹിച്ചിട്ടുണ്ടാവുക. പോട്ടെ,ആ കുഞ്ഞിനെ എങ്കിലും അവർക്ക് വെറുതെ വിടാമായിരുന്നല്ലോ ? എന്നെ അമ്മി, അബ്ബ എന്നിവർക്കു പകരം എന്ത് നീതി തരാൻ ഏത് കോടതിയ്ക്കാണ് കഴിയുക ?” അവൾ രോഷം കൊണ്ടു . എല്ലാത്തിനെയും കൊല്ലണം. ഞാൻ വാദിക്കും, കോടതിയിൽ, പിടിവലിക്കിടയിൽ കുത്തിയെന്ന്, എന്റെ മാനത്തിനു വേണ്ടി കുത്തിയെന്ന് , അവനെ ഞാൻ കൊന്നത് മനഃപൂർവമല്ലന്നു, എന്നിട്ട് ഞാൻ പുറത്തിറങ്ങും, വീണ്ടും പോകും ആ നീല കെട്ടിടത്തിൽ, അവിടെ ബാക്കിയുള്ള എല്ലാത്തിനെയും ഞാൻ പച്ചക്കറി നുറുക്കുന്നത് പോലെ നുറുക്കും, ഒരു യഥാർത്ഥ പെണ്ണായി ഞാൻ തൂക്കുമരം കാണും. നിങ്ങൾ നോക്കിക്കോ , എല്ലാത്തിനെയും ഞാൻ കൊല്ലും.. പ്രതികാരം അവർക്ക് മാത്രമല്ല, എനിക്കുമുള്ളതാണ്…”

ഹഫീസ ഉന്മാദിനിയെപ്പോലെ വിളിച്ചു പറഞ്ഞു.

ദത്തറാം തടയുന്നതിന് മുൻപേ, ലക്ഷ്മിലാൽ അവളുടെ നേർക്ക് ഈറ്റപ്പുലിയെ പോലെ ചാടി. ഒരു കൈ കൊണ്ട് അവളുടെ നേർത്ത കഴുത്തിൽ കൈ മുറുക്കി, “നായേ, നീ എന്താണ് ഞങ്ങളെ കുറിച്ചു കരുതിയിരിക്കുന്നത്? നിനക്ക് കൊല്ലാനുള്ള മൃഗങ്ങളാണോ, ഹിന്ദുക്കൾ ഞങ്ങളെന്ന് ? നീ അതിനായിട്ടില്ല….” ഭിത്തിയോട് ചേർത്തവളെ ഞെരിച്ചു.

മാധവികൗർ തടയും മുൻപേ തന്നെ, ലക്ഷ്മിലാലിന്റെ തോക്ക് ശബ്ദിച്ചു,

ചോരപ്പൂക്കൾ തെറിപ്പിച്ചു ഒരു ഞരക്കം പോലുമില്ലാതെ ഹഫീസ എന്ന പെൺപൂവ് പൊഴിഞ്ഞു വീണു, വിടരും മുൻപ് തന്നെ.