അളകനന്ദ 5 [[Kalyani Navaneeth]]

അളകനന്ദ 5
Alakananda Part 5 | Author : Kalyani Navaneeth | Previous Part

രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു ……..

തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് ഓർത്തു നോക്കിയിട്ടുണ്ട് …. ഈ മായാത്ത പാടിൽ സർ ചുണ്ടു ചേർക്കുന്നത് ………

ഒരു കാലത്തും നടക്കില്ലെന്നു കരുതിയതാണ് …. ഇപ്പൊ അതും സാധ്യമായിരിക്കുന്നു ……

ആ മുഖം നെഞ്ചോടു ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു …

.” എന്തിനാ കുഞ്ഞേട്ടൻ വിഷമിക്കുന്നേ…..? ഈ മുറിപ്പാടിനോട് എന്നും എനിക്ക് സ്നേഹമാണ് , ഇത് കൊണ്ടല്ലേ,.. എന്നോടുള്ള ദേഷ്യം ഒക്കെ പോയി എന്റെ കുഞ്ഞേട്ടൻ ഇടയ്‍ങ്കെങ്കിലും എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ……

ഇവിടത്തെ അച്ഛനും , അമ്മയുമൊക്കെ , എന്നോട് അടുപ്പം കാണിച്ചു തുടങ്ങിയത് …. വിദ്യേച്ചിയും , വീണേച്ചിയും, ഒരിക്കലും നടക്കില്ലെന്നു അറിഞ്ഞിട്ടും, ഒരു നാത്തൂന്റെ സ്ഥാനം തന്നത് …

ഈ സ്നേഹം എനിക്ക് കിട്ടാൻ , എത്ര പൊള്ളിയാലും, വേദനിച്ചാലും , ഒക്കെ ഞാൻ സഹിക്കുമായിരുന്നു കുഞ്ഞേട്ടാ….

അത് പറയുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ ചുണ്ടുകൾ കൊണ്ട്, ഒപ്പിയെടുത്തു കൊണ്ട്, സർ പറഞ്ഞു…… “ഇനി ഒരിക്കലും ഈ മിഴികൾ നിറയരുത് … .പലപ്പോഴും, നന്ദൂട്ടന്റെ കണ്ണീരിന്റെ മുന്നിൽ, നിസ്സഹായനായി നിന്നവനാണ് ഞാൻ … ഇനി എല്ലാത്തിനും ഞാനുണ്ട് ….”

എന്തിനാ നിസ്സഹായനായി നിന്നത് …. അപ്പൊ എന്നെ ഒന്ന് ചേർത്ത് പിടിക്കായിരുന്നില്ലേ ….? ജാഡ ആയിരുന്നു ല്ലേ ….? കള്ളച്ചിരിയോടെ താൻ പറയുന്നത് കേട്ട്, …. ചെവിയിൽ നുള്ളാൻ നീട്ടിയ കൈകൾ തട്ടി മാറ്റി ഓടുമ്പോൾ , അച്ഛന്റെയും, അമ്മയുടെയും , മാത്രമല്ല കുഞ്ഞേട്ടനും താനൊരു കുസൃതിക്കാരി ആയി മാറുകയായിരുന്നു …….

എത്ര പെട്ടെന്നാണ് ഇവൾ തന്റെ നന്ദൂട്ടാനായി മാറിയത് …..വൈശാഖ് ഓർത്തു …. വർഷങ്ങൾക്ക് മുന്നേ തന്റെ ചോദ്യങ്ങൾക്കു മുന്നിൽ പേടിച്ചു നിന്ന ഒരു പ്ലസ് ടു ക്കാരി….

അന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ….? ഇവൾ തന്റെ പ്രാണനായി മാറുമെന്ന് …? എന്തോ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയിരുന്നു …..

പക്ഷെ, തന്റെ ജീവിതത്തിൽ ഇത്രയും പഠിക്കാത്ത കുട്ടി വേറെ ഇല്ലായിരുന്നു …… പഠിക്കാത്തതിനുള്ള കാരണം തന്നോടുള്ള പ്രണയം ആണെന്ന് പറഞ്ഞപ്പോൾ…. ദേഷ്യം കൊണ്ട് മുഖം അടച്ചൊന്നു കൊടുക്കാനാണ് തോന്നിയത് ….

ആ ദേഷ്യം മനസ്സിൽ വച്ച് കൊണ്ട് തന്നെയാണ്, “മക്കളെ മര്യാദയ്ക്ക് വളർത്തണം എന്ന് അവളുടെ അച്ഛനോട് പറഞ്ഞത്….. തിരിച്ചു വീട്ടിലേക്കു കയറുമ്പോൾ തന്നെ കേട്ടിരുന്നു …. വേദന കൊണ്ടുള്ള അവളുടെ കരച്ചിൽ ….

അത് പക്ഷെ നല്ല അടി കിട്ടിയതാണെന്നു മാത്രമേ ചിന്തിച്ചുള്ളൂ ….. അവൾക്കു നല്ല അടിയുടെ കുറവ് ഉണ്ടെന്നു തോന്നിയത് കൊണ്ടണ്ടാവും, പിന്നെ അവളെ കുറിച്ച് ചിന്തിച്ചതേയില്ല ….. രണ്ടു ദിവസം സ്കൂളിൽ കാണാതെ ഇരുന്നപ്പോഴും ഒന്നും തോന്നിയില്ല …..

പിറ്റേ ദിവസം മുഖം മുഴുവൻ നീരും , കഴുത്തിലും കയ്യിലും ഒക്കെ എത്രയെത്ര ബെൽറ്റിന്റെ പാടുകളുമായി, അവൾ മുന്നിൽ നിന്നപ്പോൾ , ഇത്രയും തല്ലുന്നതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ചിന്തിച്ചത് …..

പിന്നെയാ കാലിൽ, പഴുത്തു തുടങ്ങിയ വ്രണത്തിലേക്കു നോക്കിയപ്പോൾ , ഒരു പാവം പെൺകുട്ടിയോട്, ഇത്ര മഹാപരാധമാണോ താൻ ചെയ്തതെന്ന് തോന്നിപോയി ….. ജീവൻ പോകുന്ന വേദന അനുഭവിക്കുമ്പോഴും , അവളുടെ കണ്ണുകൾ, ഇനി എങ്കിലും എന്നെ സ്നേഹിക്കില്ലേ സർ, എന്ന് യാചിക്കുന്ന പോലെ തോന്നി ….

കുറ്റബോധം കൊണ്ടാണെങ്കിലും , പിന്നീട് ക്ലാസ്സിൽ , അവളെ വഴക്കു പറയാതെയിരിക്കാൻ ശ്രദ്ധിച്ചു…. ഓരോ ദിവസവും ക്ലാസ്സിൽ വരുമ്പോൾ , അവൾ എത്തിയിട്ടുണ്ടോ എന്നാണ് ആദ്യം നോക്കിയത് ……. അവളുടെ മുഖം വാടിയാൽ, തന്റെ ചങ്കു പിടക്കാൻ തുടങ്ങിയിരുന്നു …….

താൻ കാരണം ഇത്രയും, വേദന അനുഭവിച്ചവൾ, ഇനി ഇപ്പോഴും സന്തോഷവതിയായി ഇരിക്കണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു ….. അതുകൊണ്ടു തന്നെയാണ് , വിദ്യയോടും, വീണയോടും അവളോട് കൂട്ടുകൂടാൻ സമ്മതിച്ചതും , അമ്മയോട് ഇടയ്ക്കു അവളൂടെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിയണമെന്നു പറഞ്ഞതും …….

താൻ പറഞ്ഞപ്പോൾ ഒരു കാരണത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലെ അവരെല്ലാം അവളോട് കൂട്ടായി ….

എന്തൊക്കെ ചെയ്തിട്ടും , മനസ്സിലെ കുറ്റബോധത്തിനു കുറവ് വരുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് , പ്ലസ് ടു തോറ്റപ്പോൾ, ഓരോ ചാപ്റ്ററും അവൾക്കു മനസ്സിലാകുന്ന വിധത്തിൽ എക്സ് പ്ലെയിൻ ചെയ്തു, യു എസ് ബി യിൽ ആക്കി കൊടുത്തു വിട്ടത് …

തന്നോട് തോന്നിയ പ്രണയത്തിന്റെ പേരിൽ പ്ലസ് ടു തോറ്റു അവൾ പഠിപ്പു നിർത്തുന്നത് തനിക്ക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു …….

വീണയും, വിദ്യയും അപ്പോഴൊക്കെ ചോദിച്ചിട്ടുണ്ട് …. കുഞ്ഞേട്ടന് അവളെ ഇഷ്ടമാണോ എന്ന് …. ഇഷ്ടമാണ് പക്ഷെ അത് നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അല്ലെന്നു പറഞ്ഞതിന് , രണ്ടുപേരും വഴക്കു കൂടി കൊണ്ട് പറഞ്ഞിട്ടിട്ടുണ്ട് …..”അവളെ സ്നേഹിച്ചാലെന്താ ….? കല്യാണം കഴിച്ചാൽ എന്താ…? …..എന്നൊക്കെ …..

അത് പറഞ്ഞാൽ അവർക്കു മാത്രമല്ല , ആർക്കും മനസ്സിലാകില്ലന്നു തോന്നി …..

അവൾ തന്നെ ആദ്യമായി കണ്ടപ്പോഴും, സ്നേഹിക്കാൻ തുടങ്ങിയപ്പോഴും , ഞാൻ അവളുടെ അധ്യാപകൻ ആയിരുന്നില്ല ….. പക്ഷെ താൻ അവളെ ആദ്യമായി കാണുന്നത് ….. പിടയ്ക്കുന്ന മിഴികളോടെ അളകനന്ദ എന്നൊരു പേര് പറയുമ്പോൾ ആയിരുന്നു …….

പഠിപ്പിക്കുന്ന കുട്ടികൾ ഒക്കെ ശിഷ്യ മാത്രം ആയിരിക്കും , തന്നെ പോലെ അധ്യാപക ജോലിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവര്ക്കും …..

മാത്രമല്ല ഈ ജോലി കിട്ടുന്നതിന് മുന്നേ , രണ്ടു മാസം പെൺകുട്ടികൾ മാത്രം ഉള്ള പ്രൈവറ്റ് കോളേജിൽ ക്ലാസ് എടുക്കാൻ പോയിരുന്നു താൻ …..

ആദ്യമായി ആ ജോലിക്ക് പോകുമ്പോൾ, അച്ഛൻ പറഞ്ഞത് , “മോനെ, പഠിപ്പിക്കുന്ന കുട്ടികൾ എന്നും ശിഷ്യ തന്നെ ആയിരിക്കണം …. അവർക്ക് നേർവഴി പറഞ്ഞു കൊടുക്കണം ….. പഠിക്കാൻ മടിയുള്ള ചില കുട്ടികൾക്ക് മാഷിനോട് പ്രേമം ഒക്കെ തോന്നും …. ശിഷ്യയെ പ്രേമിച്ചു എന്നൊരു ചീത്തപ്പേര് ഉണ്ടാകരുത്” ..

അച്ഛന്റെ കൈ പിടിച്ചു നെഞ്ചോടു ചേർത്ത് അച്ഛനെന്നെ അറിയില്ലേ എന്നാണ് അപ്പോൾ താൻ ചോദിച്ചത്…..

പഠിപ്പിക്കുന്ന ആദ്യ ദിവസം മുതൽ നന്ദ ഒന്നും പഠിക്കാതെ ആയിരുന്നു ക്ലാസ്സിൽ വന്നത് … ഏകദേശം ഒരു വർഷം ആയപ്പോഴാണ് , അവൾക്കു പഠിക്കാൻ പറ്റാത്തതിന്റെ കാരണം തന്നോടുള്ള പ്രണയം ആണെന്ന് പറഞ്ഞത് …..

പെട്ടെന്ന് അച്ഛൻ പറഞ്ഞ “പഠിക്കാൻ മടിയുള്ള ചില കുട്ടികൾക്ക് മാഷിനോട് പ്രേമം ഒക്കെ തോന്നും എന്ന വാക്കാണ് ഓർമ വന്നത് …..

പിന്നെയും വർഷങ്ങൾ കഴിഞ്ഞപ്പോൾ , അവളുടെ മനസ്സിൽ ഇപ്പൊ അങ്ങനെ ഒന്നും ഇല്ലന്ന് പറഞ്ഞത് ‘അമ്മ തന്നെയാണ് …. എന്നേക്കാൾ കൂടുതൽ അവളുടെ, മനസ്സു അറിഞ്ഞത് ‘അമ്മ ആയതു കൊണ്ട് തന്നെ അത് സത്യം ആണെന്ന് തോന്നി ….

അവൾ എന്നും തന്റെ മനസ്സിൽ, ഒരു നല്ല ശിഷ്യ തന്നെ ആയിരിക്കട്ടെ , എന്നും നല്ലതു വരട്ടെ , എന്ന് മാത്രമേ അപ്പൊ ചിന്തിച്ചുള്ളൂ….

പക്ഷെ ഒരു പെണ്ണിനെ കാണാൻ പോയി വന്ന ആ രാത്രി, ഓവർ ഡോസ് ആയാൽ, കിഡ്‌നിയും ലിവറും ഒക്കെ ഡാമേജ് ആകുന്ന നപ്തലൈൻ ബോൾസ് അവൾ കഴിച്ചു എന്നറിഞ്ഞപ്പോൾ, താൻ തകർന്നു പോയിരുന്നു …..!

എങ്ങനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കണം എന്ന് അമ്മയോട് പറഞ്ഞപ്പോൾ .. “എനിക്ക് അവളെ വേണം, നിനക്ക് ഇനിയും അവളുടെ സ്നേഹത്തിനു മുന്നിൽ , പൊട്ടനായി അഭിനയിക്കാൻ , എങ്ങനെ കഴിയുന്നു എന്ന് ചോദിച്ചു കൊണ്ട് ‘അമ്മ കരയുകയായിരുന്നു…..

എന്റെ മോൻ ആണെങ്കിൽ , അവളുടെ കൈ പിടിച്ചു വീട്ടിലേക്കു കൊണ്ട് പോരാൻ , നാട്ടുകാരെ സാക്ഷിയാക്കി പറയുമ്പോൾ, പഠിപ്പിച്ച കുട്ടിയെ ശിഷ്യയായി മാത്രം കാണണമെന്ന് പറഞ്ഞത്, അച്ഛൻ മറന്നു പോയെന്നു തോന്നി ……

അന്ന് ആ കയ്യിൽ പിടിച്ചു വീട്ടിലേക്കു കയറുമ്പോൾ, … അമ്മയുടെ മുഖത്ത് അതുവരെ താൻ കാണാതിരുന്ന സന്തോഷവും, അച്ഛന്റെ മുഖത്ത് അഭിമാനവും നിറഞ്ഞിരുന്നു …..

പിന്നീട്, ആ കഴുത്തിൽ താലി കെട്ടുമ്പോൾ, സ്നേഹവും, പ്രണയവും , നന്ദിയും ഒക്കെ കൊണ്ട് , നിറയുന്ന മിഴികളാൽ അവളെന്നെ നോക്കി …. എന്നെങ്കിലും ഭാര്യയുടെ സ്ഥാനം നൽകി സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിക്കുകയായിരുന്നു താൻ അപ്പോൾ ….

തന്റെ നോട്ടം പോലും , തന്റെ പെണ്ണിനപ്പോൾ ഉത്സവം ആണെന്ന് തോന്നിയിട്ടുണ്ടെങ്കിലും , “നിന്റെ ഒരു നോട്ടത്തിനു വേണ്ടി പോലും ആ പെൺകൊച്ചു നൊയമ്പ് നോക്കുന്നത്, നീ അറിയാതെ പോകരുത്’ എന്ന് ‘അമ്മ പറയുമ്പോഴായിരുന്നു ….. അവൾക്ക് ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിച്ചത് ….. ആ ഒരു മാറ്റത്തിന് വേണ്ടി തന്നെയാണ് പഠിക്കാൻ അയച്ചതും …..

ഒരു വാക്കു പോലും മിണ്ടാതെ, അവളുടെ വേദനകളും , നൊമ്പരങ്ങളും, ഉള്ളിലൊതുക്കി, പ്രണയം കൊണ്ടെന്നെ തോല്പിക്കുകയായിരുന്നു ……

പിന്നെ എപ്പോഴാണ് തനിക്ക് അവളോട് പ്രണയം തുടങ്ങിയത് …?

അവളുടെ നോട്ടങ്ങൾക്കു മുന്നിൽ പതറി തുടങ്ങിയപ്പോഴോ ….?

കോളേജ് ബസിൽ അവളെ കയറ്റി വിട്ടു , തിരിച്ചു വീട്ടിലെത്തുമ്പോൾ ശൂന്യത തോന്നി തുടങ്ങിയപ്പോഴോ …?

അതോ സ്കൂൾ വിട്ടു താൻ വന്നു ഒരു മണിക്കൂർ കൂടി കഴിഞ്ഞേ അവൾ വരുകയുള്ളു എങ്കിലും , ആ ഒരു മണിക്കൂറിനു ഒരു വർഷത്തേക്കാൾ ദൈർഘ്യം ഉണ്ടെന്നു തോന്നി തുടങ്ങിയപ്പോഴോ …?
എനിക്ക് തന്നെ അറിയില്ല …..

എന്തായാലും പഠിത്തം കഴിയും വരെ തന്റെ പ്രണയം, അവൾ അറിയാതെ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കണം എന്ന് തന്നെയാണ് ചിന്തിച്ചത് …..

ഇന്നലെ എന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞപ്പോൾ ,

തന്റെ പ്രണയം പകർന്നു നല്കുകയല്ലാതെ , അവളെ ആശ്വസിപ്പിക്കാൻ മറ്റൊന്നിനും ആകുമായിരുന്നില്ല ……

മൂന്ന് മാസം കൂടി കഴിഞ്ഞാൽ, അവളുടെ കോഴ്സ് തീർന്നു എക്സാം ആണ് … അതുവരെ കുറച്ചു സ്‌ട്രിക്‌ട് ആയി തന്നെ നിൽക്കേണ്ടി വരുമല്ലോ ….! ഇല്ലെങ്കിൽ പഠിക്കില്ലന്നുള്ള കാര്യം ഉറപ്പാണ് …..