ഗസല്‍

പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പമരത്തില്‍ നിന്നും ചാമ്പക്കാ കൊഴിഞ്ഞ് വീഴുന്നുണ്ട്. ചാമ്പക്കാ വീഴുന്ന പതിഞ്ഞ ശബ്ദം കാതുകളില്‍ പതിക്കുമ്പോള്‍ ദീപന്‍റെ മിഴികള്‍ വെട്ടുകല്ല് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പൂവരശ്ശിന്‍റെ ഓരത്ത് കൂടി അപ്പുറത്തെ തൊടിയിലെ അടഞ്ഞ് കിടക്കുന്ന ആ ജനാലയിലേയ്ക്ക് നീളും. വര്‍ഷം ആറായി അതിങ്ങനെ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്….

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് പോലൊരു പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പക്കകള്‍ കൂട്ടമായി കൊഴിഞ്ഞ് വീണ ശബ്ദം കേട്ട് ചാരുകസേരയില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോഴാണ് ആ ജനാലയുടെ അഴികളില്‍ പിടിച്ച് തന്നെ നോക്കി നില്‍ക്കുന്ന ഭദ്രയെ താന്‍ ആദ്യമായി കാണുന്നത്. ചുരുണ്ട മുടികളുളള, വാലിട്ട് കണ്ണുകളെഴുതിയ, ചന്ദനക്കുറി തൊട്ട ഒരു പെണ്‍കുട്ടി. ശങ്കരന്‍ പോറ്റിയ്ക്ക് അങ്ങനെയൊരു മകളുണ്ടെന്ന് അന്നാണ് അറിയുന്നത്…

ഗസലുകളെ മാത്രം പ്രണയിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ഈ ചാരുകസേരയും ഗ്രാമഫോണും മാത്രമായിരുന്നു അന്നൊക്കെ തന്‍റെ ലോകം. സായാഹ്നങ്ങളില്‍ ഗസലുകള്‍ക്കൊപ്പം തനിച്ച് ഈ ഉമ്മറത്തിങ്ങനെ ഇരിക്കും. ബാബുക്കയുടെ ഗസലുകളോടായിരുന്നു ഏറെ പ്രണയം. പ്രാണസഖിയും, ഒരു പുഷ്പം മാത്രവുമെല്ലാം പലയാവര്‍ത്തി ആ സായാഹ്നങ്ങളില്‍ ഈ ഉമ്മറത്ത് ഒഴുകി നടന്നിരുന്നു…

ഭദ്ര തനിക്കാരുമല്ലായിരുന്നു. പ്രണയിനിയൊ, കൂട്ടുകാരിയൊ, ബാല്യകാലസഖിയൊ ആരുമല്ലായിരുന്നു. എങ്കിലും ഗസലുകളൊഴുകി തുടങ്ങുമ്പോള്‍ വിജാഗിരികള്‍ കരഞ്ഞ് കൊണ്ട് ആ ജനാല പാതി തുറക്കപ്പെടും. ജനലഴികളില്‍ താളം പിടിയ്ക്കുന്ന വിരല്‍തുമ്പുകള്‍ പ്രത്യക്ഷപ്പെടും. അന്ന് താന്‍ ശ്രദ്ധിച്ചതില്‍ പിന്നെ അവള്‍ ജനാലയുടെ വശങ്ങളില്‍ മറയുകയാണ് പതിവ്. ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പിന്നീട് ഗ്രാമഫോണ്‍ പാടി തുടങ്ങമ്പോള്‍ ആ വിരലുകള്‍ പ്രത്യക്ഷപ്പെടുന്നത് നോക്കി കാത്തിരുന്നു…

പെയ്തു തോര്‍ന്ന ഒരു സായാഹ്നത്തില്‍ വായനശാലയില്‍ നിന്നും മടങ്ങി വരുമ്പോഴാണ് ഭദ്രയെ ആദ്യമായി അടുത്ത് കാണുന്നത്. ഇല്ലത്തെ തൊടിയില്‍ നിന്നും തേവര്‍ക്കുളള കൂവളമാലയ്ക്കായ് തേക്കിലക്കുമ്പിളില്‍ കൂവളത്തില അടര്‍ത്തിയെടുക്കുകയായിരുന്നു അവള്‍.കൂവളത്തിന്‍റെ എത്താത്ത കമ്പിലേയ്ക്ക് പ്രയാസപ്പെട്ട് എത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്ന അവള്‍ക്ക് കൈയ്യെത്തിപ്പിടിച്ച് കമ്പ് താഴ്ത്തിക്കൊടുത്തു താന്‍.. ആശ്ചര്യത്തോടെയായിരുന്നു അവളുടെ തന്‍റെ നേര്‍ക്കുളള നോട്ടം. പുഞ്ചിരിയോടെ ഇടയ്ക്ക് തന്നെ നോക്കി ആവശ്യത്തിന് കൂവളത്തില അടര്‍ത്തിയെടുത്തു അവള്‍. തേക്കിലക്കുമ്പിള്‍ നിറഞ്ഞപ്പോള്‍ മതിയെന്ന് പറഞ്ഞ് അവള്‍ മുഖം താഴ്ത്തി നിന്നത് ഇന്നും കണ്ണുകളിലുണ്ട്. അവളുടെ കണ്ണുകളിലെ പ്രണയത്തെ ഒളിപ്പിക്കാനാവാം അന്നവള്‍ മുഖം താഴ്ത്തി നിന്നത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഒന്ന് മാത്രം പറഞ്ഞു.
”ഗസലുകള്‍ എനിക്കും ജീവനാണ്”

ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് താന്‍ നടന്നകന്നു…

അതിന് ശേഷമാണ് ഇല്ലത്തേയ്ക്ക് നിരന്തരമായി വടിവൊത്ത അക്ഷരങ്ങളില്‍ പ്രണയസന്ദേശങ്ങളും ഗസലുകളുടെ വരികളും ഇല്ലന്‍റുകളിലും പോസ്റ്റ് കാര്‍ഡുകളിലും എത്തി തുടങ്ങിയത്. കുറിപ്പുകളുടെ അവസാനം ”സ്നേഹപൂര്‍വ്വം അന്തര്‍ജനം” എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ആ കുറിപ്പുകളെഴുതിയ കൈകള്‍ തേടി കുറേയലഞ്ഞു പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓരോ ദിവസവുമെത്തുന്ന കുറിപ്പുകളിലുളള ഗസലുകള്‍ ആ സായാഹ്നത്തില്‍ ഗ്രാമഫോണില്‍ നിന്നും ഉതിര്‍ന്ന് വീഴും. ആ ജനലഴികള്‍ക്കപ്പുറം നിന്ന് അവളും ആസ്വദിച്ചിട്ടുണ്ടാവണം ആ വരികള്‍….

കോളേജിലേയും സ്കൂളിലേയും ഓട്ടോഗ്രാഫുകളിലെല്ലാം ആ കൈപ്പട തിരഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം. കുറിപ്പുകളിലെ വരികളില്‍ തന്നിലേക്കെത്തിയ പ്രണയവസന്തം തൊടിയിലെ മന്ദാരത്തിലും കടലാസ് ചെടിയുടെ വളളിപ്പടര്‍പ്പുകളിലും ഇതളിട്ടത് താനറിഞ്ഞു.. കഴിഞ്ഞ വസന്തങ്ങളിലൊക്കെയും അവ ഇതുപോലെ പൂവിട്ടിരുന്നതായി ശ്രദ്ധിച്ചിരുന്നില്ല. പ്രണയത്തിന്‍റെ നൈര്‍മല്യം പൂവുകളോടും വസന്തകാലത്തോടും ഉപമിക്കപ്പെട്ടതിന്‍റെ പൊരുള്‍ തിരിച്ചറിയുകയായിരുന്നു ആ നാളുകളില്‍. ഓരോ ദിവസവും എത്തുന്ന ആ വരികളില്‍ ഓരോ പുതുമയുണ്ടായിരുന്നു. തൊടിയിലെ തുമ്പ മുതല്‍ മഴത്തുളളികള്‍ തീര്‍ക്കുന്ന പ്രണയസംഗീതം വരെ ആ വരികളില്‍ നിറഞ്ഞിരുന്നു. അന്നും ചിന്തകളുടെ അഭ്രപാളികളുടെ കോണില്‍ പോലും ഭദ്രയുടെ മുഖം സംശയത്തിനിടവരുത്തിയില്ല..

ഭദ്രയുടെ വിവാഹ ശേഷമാണ് ഇല്ലത്തേയ്ക്കുളള പ്രണയസന്ദേശങ്ങളുടെയും ഗസല്‍വരികളുടെയും വരവ് നിലച്ചത്. ഭ്രാന്തമായ ആവേശത്തോടെ പോസ്റ്റ്മാന്‍ ഇല്ലത്തിന്‍റെ പടിപ്പുര കടന്ന് വരുന്നതും കാത്തിരുന്നു. പക്ഷെ പിന്നീടൊരിക്കലും ആ പടിപ്പുര താണ്ടിയൊരു കുറിപ്പെത്തിയില്ല. കണ്ടെത്താന്‍ കഴിയാത്തതിന്‍റെ നിരാശ ഏകാന്തതയുടെ ഉള്‍ക്കയങ്ങളിലേയ്ക്കാണ് തന്നെ വലിച്ചെറിഞ്ഞത്. ആ ഏകാന്തതയില്‍ നിന്നും മുക്തി നേടാനായി ഗസലുകളിലേയ്ക്ക് വീണ്ടും എത്തണമെന്ന് തോന്നി. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളുടെ ശേഖരങ്ങള്‍ക്കിടയില്‍ വിരല്‍ പരതുമ്പോഴാണ് കല്യാണത്തലേന്ന് ഭദ്രയ്ക്ക് വിവാഹമംഗളങ്ങള്‍ നേരാന്‍ പോയപ്പോള്‍ അവള്‍ സമ്മാനിച്ച ആ ഗ്രാമഫോണ്‍ റെക്കോര്‍ഡിന്‍റെ കവര്‍ ശ്രദ്ധയില്‍പ്പെടുന്നത്. ബാബുക്കയുടെ

പ്രാണസഖിയുടെ കോപ്പിയായിരുന്നു അത്. തന്‍റെ കൈവശം അതുണ്ടായിരുന്നത് കൊണ്ടാണ് അന്നത് ശ്രദ്ധിക്കാതെ ഇതിനൊപ്പം വെച്ചത്…..

വെറുതെ കവര്‍ തുറന്ന് പുറത്തെടുത്ത് നോക്കുമ്പോഴാണ് ഒരു പേപ്പര്‍ തുണ്ട് അതില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്‌. അതെടുത്ത് നോക്കുമ്പോള്‍ അറിയാതെ കൈയ്യും കരളും വിറച്ചു. കുറിപ്പുകളിലെത്തിയിരുന്ന അതേ കൈപ്പട. ഞെട്ടലോടെയാണ് കുറിപ്പുകളിലെത്തിയിരുന്ന അന്തര്‍ജനം ഭദ്രയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ”സ്നേഹപൂര്‍വ്വം ഗസലുകളുടെ കൂട്ടുകാരന്” എന്ന് മാത്രമാണ് ആ കുറിപ്പിലുണ്ടായിരുന്നത്. ആ ദിവസം പുലരുവോളം പ്രാണസഖി.. ഗ്രാമഫോണില്‍ പാടിക്കൊണ്ടിരുന്നു. കൈയ്യെത്തും ദൂരത്ത് നിന്നും നഷ്ട്ടമായ പ്രണയം പുലരുവോളം മിഴികളേയും കവിള്‍ത്തടങ്ങളേയും ഉണങ്ങാന്‍ അനുവദിച്ചില്ല… പടിഞ്ഞാറന്‍ കാറ്റില്‍ വീണ്ടും കൂട്ടമായി കൊഴിഞ്ഞു വീണ ചാമ്പക്കകളുടെ പതിഞ്ഞ ശബ്ദമാണ് ദീപനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്… അപ്പോഴും ദീപന്‍റെ മിഴികള്‍ വെട്ടുകല്ല് മതിലിനോട് ചേര്‍ന്നുളള പൂവരശ്ശിന്‍റെ ഓരത്ത് കൂടി അപ്പുറത്തെ തൊടിയിലെ അടഞ്ഞ് കിടക്കുന്ന ജനാലയിലേയ്ക്ക് നീണ്ടു……