” എന്താ മാഷേ ഭയങ്കര ഒരു ആലോചന ”
ആരാണെന്നറിയാൻ ഞാൻ എന്റെ കൂടെ സീറ്റിൽ ആളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരി..
” എന്താ മാഷേ ഇങ്ങനെ നോക്കുന്നെ, എനിക്ക് മാഷിനെയോ, മാഷിന് എന്നെയോ അറിയില്ല.. “.
ഞാൻ ഒന്നുകൂടി അവരെ നോക്കി..
“അല്ല ഇടയ്ക്ക് മാഷിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു, എന്നോട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞോളൂ ട്ടോ,. ”
കുട്ടി ഏതാ, ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രേശ്നങ്ങൾ ഉണ്ടാകും, അതെല്ലാം പരിഹരിക്കലാണോ തന്റെ പണി…
ചെറുപുഞ്ചിരിയാൽ തെളിഞ്ഞിരുന്ന ആ മുഖം പെട്ടെന്ന് മങ്ങുന്നത് അയാൾ ശ്രെദ്ധിച്ചു…
ഏയ്യ്, താൻ കരയണ്ട, അത്രയേറെ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നാണ് ഇന്നെന്റെ വീട്ടിൽ സംഭവിക്കുന്നത്…
സോറി,..
“ഏയ്, അതൊന്നും സാരമില്ല മാഷേ, ”
ഈ മാഷേ വിളി വേണ്ടാട്ടോ, ന്റെ പേര് ജെറി.
“ശെരി, ഞാൻ എന്നാ ഏട്ടാ ന്നു വിളിക്കാം. ഞാൻ അനാമിക. എന്താ ഏട്ടന്റെ പ്രശ്നം. ഇടയ്ക്ക് മുഖം പൊത്തി കരയുന്ന കണ്ടല്ലോ.. എന്താ ഇന്ന് വീട്ടിൽ നടക്കുന്നത്… ”
ജെറി സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് പറയാൻ തുടങ്ങി..
***********
അച്ചനും, അമ്മയും നാല് മക്കളും അതായിരുന്നു എന്റെ കുടുംബം.
അച്ഛൻ നല്ലോണം കുടിക്കുമായിരുന്നു,അതുകൊണ്ട് അച്ഛൻ നേരത്തെ അങ്ങ് പോയി. പിന്നെ അമ്മയും ഞങ്ങളും മാത്രം, ആദ്യമൊക്കെ ബന്ധുക്കൾ സഹായിക്കുമായിരുന്നു. പിന്നെ പിന്നെ അതും നിന്ന്.
അന്നേരമാണ് ദുബായ് യിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഒരു ജോലി ഒഴിവു ഉണ്ടെന്നു അറിഞ്ഞത്.
ഏട്ടൻ അന്നേരം ഡിഗ്രി ചെയ്യുന്നു, അനിയൻ പത്തിൽ, അനിയത്തി 8ലും. പിന്നെ പോയിട്ട് ഈ പ്ലസ് ടു പഠിക്കുന്ന ഞാൻ മാത്രം. അമ്മയുടെ കഷ്ടപ്പാട് ഓർത്തപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. പ്ലസ് ടു പൂർത്തിയാക്കാതെ പതിനാറാം വയസ്സിൽ കടൽ കടന്നു.
ഞാൻ പോയതോടെ അമ്മ ജോലിക്ക് പോക്ക് നിർത്തി, ഞാൻ തന്നെയാ അമ്മയോട് പറഞ്ഞെ പോകണ്ട എന്ന്..
രണ്ടു വർഷം അമ്മയിൽ നിന്നും സഹോദരരിൽ നിന്നും മാറിനിന്നു ആ കൊടും ചൂടിൽ പണിതു. എന്നാലും അമ്മേ വിഷമിപ്പിക്കേണ്ട എന്ന് കരുതി അമ്മ വിളിക്കുമ്പോൾ നിക്ക് സുഗമാണമ്മ എന്ന് പറയും..
ഏട്ടനും അനിയനും, അനിയത്തിയുമെല്ലാം അവരവരുടെ ആവശ്യം വരുമ്പോൾ മാത്രമുള്ള വിളിയിൽ ഒതുങ്ങി…
ഏട്ടന് തുടർന്നും പഠിക്കണമെന്ന് പറഞ്ഞപ്പോൾ, കൈയിൽ ഉള്ളെതെല്ലാം നാട്ടിലേക്ക് അയച്ചു.
പിന്നെ താഴെ ഉള്ള രണ്ടു പേരുടെയും പഠന ചിലവുകൾ.. കടം വാങ്ങിയും ചിട്ടി വിളിച്ചും എല്ലാം അമ്മയുടെ a/c ലേക്ക് അയച്ചു കൊടുത്തു..
അനിയന് ഹോട്ടൽ മാനേജ്മെന്റ് അഡ്മിഷൻ, അനിയത്തിക്ക് ക്രൈസ്റ്റ് കോളേജിൽ അഡ്മിഷൻ with ഡൊണേഷൻ. എല്ലാകൂടി താങ്ങാൻ പറ്റാതെ വന്നപ്പോൾ, വേറെ കോളേജിൽ അഡ്മിഷൻ നോക്കിയാൽ പോരെ എന്ന് അനിയത്തിയോട് ചോദിച്ചപ്പോൾ, ഒറ്റത്തടി ആയി നിൽക്കുന്ന ഏട്ടന് അവിടെ എന്നാ ഇത്രേം ചിലവ്, കിട്ടുന്നത് ഇങ്ങോട്ട് അയക്കത്തില്ലേ, അവളുടെ ആ വാക്കിൽ ചങ്ക് പൊട്ടിയെങ്കിലും, അവളുടെ ആഗ്രഹം പോലെ ക്രൈസ്റ്റ് കോളേജിൽ അഡ്മിഷൻ എടുക്കാൻ കടം മേടിച്ചു അയച്ചു പൈസ.